വിലവിവരപ്പട്ടികയിൽ ‘ഇല്ല’ സപ്ലൈകോ മാനേജരെ സസ്പെൻഡ് ചെയ്തു.

Saturday, 12 Aug, 2023  

കോഴിക്കോട്: വിലവിവരപ്പട്ടികയിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്പെൻഡ് ചെയ്തു. സപ്ലൈകോ മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഔട്ട്‌ലെറ്റ് മാനേജർ കെ. നിധിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

വിലവിവരപ്പട്ടികയിൽ സാധനങ്ങളുടെ സ്റ്റോക്ക് എത്രയെന്ന് കാണിക്കേണ്ട കോളത്തിൽ എല്ലാത്തിനും നേരെ ‘ഇല്ല’ എന്ന് രേഖപ്പെടുത്തിയ ബോർഡ് കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വന്നിരുന്നു. വിഷയം നിയമസഭയിലും ചർച്ചയായി. തുടർന്ന് ഭക്ഷ്യമന്ത്രി കോഴിക്കോട് അസിസ്റ്റന്റ് മേഖലാ മാനേജരോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു.

അദ്ദേഹം നടത്തിയ പരിശോധനയിൽ ഇല്ലെന്ന് രേഖപ്പെടുത്തിയ പലസാധനങ്ങളും സ്റ്റോക്കുണ്ടായിരുന്നതായി കണ്ടെത്തി. ഇതോടെ ഔട്ട്‌ലെറ്റ് മാനേജർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. എന്നാൽ, വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ മാനേജിങ് ഡയറക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.