പഴയ ദേശീയപാതയിൽ രാമനാട്ടുകര തോട്ടുങ്ങൽ ഭാഗത്ത്‌ മഴയത്തു നടത്തിയ റോഡ് റീടാറിങ് വിവാദത്തിൽ.

Wednesday, 06 Sep, 2023   HARITHA SONU

രാമനാട്ടുകര : പഴയ ദേശീയപാതയിൽ രാമനാട്ടുകര തോട്ടുങ്ങൽ ഭാഗത്ത്‌ മഴയത്തു നടത്തിയ റോഡ് റീടാറിങ് വിവാദത്തിൽ. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പെയ്ത മഴയ്ക്കുശേഷം റോഡ്പ്രതലത്തിലുണ്ടായിരുന്ന വെള്ളം ചാക്ക് ഉപയോഗിച്ചും പ്ലാസ്റ്റിക് കുപ്പിയുടെ ഭാഗങ്ങൾ ഉപയോഗിച്ചും നീക്കിയശേഷമാണ് ടാറിങ് നടത്തിയത്. ഉണങ്ങിയ റോഡിൽ കമ്പ്രസർകൊണ്ട് പൊടിയും മണ്ണും നീക്കിയതിനുശേഷം വെയിലത്താണ് സാധാരണ ടാറിങ് നടത്തുന്നത്. റോഡ് വെള്ളത്തിൽ കുതിർന്ന സമയത്ത് ടാറിങ് നടത്തിയത് റോഡിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് ആക്ഷേപം.

ടെൻഡർ നടപടികൾ പൂർത്തിയാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മേയിലാണ് മീഞ്ചന്ത മുതൽ രാമനാട്ടുകര നിസരി ജങ്‌ഷൻവരെ റോഡ് റീടാറിങ് തുടങ്ങിയത്. കാലവർഷം തുടങ്ങിയതോടെ ചുങ്കം 8/4 ൽ വെച്ച് ടാറിങ് നിർത്തിവെക്കുകയായിരുന്നു. രണ്ടിന് ടാറിങ് രാമനാട്ടുകര നിസരി ജങ്‌ഷനിൽനിന്ന് വീണ്ടും തുടങ്ങി. അന്ന് രാത്രി വീണ്ടും മഴതുടങ്ങി. തിങ്കളാഴ്ചയും മഴപെയ്തു. ചൊവ്വാഴ്ച രാവിലെ മഴപെയ്തതിനുശേഷം നേരത്തേ കൊണ്ടുവന്ന മെറ്റലും ടാറും ചേർന്ന മിശ്രിതംകൊണ്ട് ഏകദേശം 250 മീറ്റർ റോഡ് ടാറിങ് നടത്തി. ഉടനെ വീണ്ടും കനത്തമഴയും പെയ്തു. 10 കിലോമീറ്റർ ടാറിങ് നടത്തുന്നതിന് 10.71 കോടി രൂപയാണ് ചെലവ്.

നല്ല വെയിലിൽ ടാറിങ് നടത്തിയാലേ ഗുണനിലവാരമുണ്ടാവൂ എന്ന് പൊതുമരാമത്ത് എൻജിനിയർമാർതന്നെ പറയുന്നു. എന്നാൽ, മഴയത്ത്‌ ടാറിങ് നടത്തിയത് പ്രശ്നമില്ലെന്നാണ് ബന്ധപ്പെട്ട എൻജിനിയർ പറഞ്ഞത്. പലസ്ഥലത്തും മഴയിൽ ടാറിങ് നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡ് കരാർ എടുത്തവർക്ക് ഡിഫക്ട് ലയബിലിറ്റി ഉള്ളതിനാൽ പ്രശ്നമില്ലെന്നും അധികൃതർ പറഞ്ഞു. മഴയുടെ സ്ഥിതി അറിഞ്ഞതിനുശേഷംമാത്രമേ ബാക്കിയുള്ള ഭാഗം റീടാറിങ് നടത്തുകയുള്ളൂ.