നാദാപുരം ഗ്രാമപഞ്ചായത്തിലെ വിധവ പഠന റിപ്പോർട്ട് കൈമാറി

Tuesday, 11 Jul, 2023   P M JAFFAR

നാദാപുരം : നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടി ഐ എം ,ബി എഡ്  കോളേജ് എൻ എസ് എസ് യൂണിറ്റുമായി സഹകരിച്ച് തയ്യാറാക്കിയ വിധവ പഠന റിപ്പോർട്ട് ടി ഐ എം കോളേജ് എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഷെറിൻ മോൾ തോമസ് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിക്ക്  കൈമാറി. നാദാപുരം ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലായി ടി ഐ എം കോളേജിലെ 50 എൻ എസ് എസ് വിദ്യാർത്ഥികൾ 18 നും 50 വയസ്സിനും ഇടയിലുള്ള 92 വിധവകളുടെ വീടുകളിൽ പോയി പ്രത്യേക ഫോർമാറ്റിൽ തയാറാക്കിയ വിവരങ്ങൾ രേഖപ്പെടുത്തിയാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. നാദാപുരം ഗ്രാമപഞ്ചായത്തിൽ 18 നും 30 നും ഇടയിൽ പ്രായമുള്ള വിധവകൾ രണ്ടുപേരും, 30നും 40 നും ഇടയിൽ പ്രായമുള്ളവർ 18 പേരും, 40 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള 72 വിധവകളുമാണുള്ളത്. 40 തരത്തിലുള്ള വിശദാംശങ്ങൾ ശേഖരിച്ചതിൽ 92 വിധവകളിൽ 37 പേർ മാത്രമാണ് സംരക്ഷണത്തിന് ബന്ധുക്കൾ ഉള്ളവരായി കണ്ടെത്തിയത്. സ്വന്തമായി വരുമാനം ഇല്ലാത്തവരാണ് ബഹു ഭൂരിഭാഗവും നൈപുണ്യ പരിശീലനങ്ങൾ, കൗൺസിലിംഗ്, ഗ്രൂപ്പ് സംരംഭം പ്രവർത്തനം, മാട്രിമോണി രജിസ്റ്റർ, നാനോ സംരംഭങ്ങൾ തുടങ്ങിയ വിധവകൾക്കാവശ്യമായ പദ്ധതികൾക്ക് തുടർ സഹായ പദ്ധതി തയ്യാറാക്കി സഹായം ലഭ്യമാക്കുന്നതാണ്. ഇതിനായി പ്രൊജക്റ്റ് സംസ്ഥാന പ്ലാനിങ് ബോർഡിന് സമർപ്പിക്കുന്നതാണ്, ഇതിന് മുന്നോടിയായി വിധവ സംഗമം നടത്തുന്നതാണ്. നാദാപുരത്ത് 1726 പേർ വിധവാ പെൻഷൻ വാങ്ങിക്കുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ, എം സി സുബൈർ, ജനീത ഫിർദൗസ്, പഞ്ചായത്ത് മെമ്പർ പി പി ബാലകൃഷ്ണൻ, വുമൺ ഫെസിലിറ്റേറ്റർ പ്രൻസിയ ബാനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.