കുന്നുമ്മൽ ആശുപത്രിയിൽ ഞായറാഴ്ച ദിവസങ്ങളിൽ ചികിത്സയില്ല.

Sunday, 25 Apr, 2021   PM JAFFAR

കക്കട്ടിൽ : ബ്ലോക്ക് ലെവൽ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കുന്നുമ്മൽ ആശുപത്രിയിൽ ഞായറാഴ്ച ദിവസങ്ങളിൽ ചികിത്സയില്ല. നേരത്തേ പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രമായും പിന്നീട് കുടുംബാരോഗ്യകേന്ദ്രമായും ഉയർത്തിയെങ്കിലും അതിന്റെ പ്രയോജനമൊന്നും രോഗികൾക്ക് ലഭിക്കുന്നില്ല. ആശുപത്രിയുടെ പേര് വിവിധ ഘട്ടങ്ങളിലായി ഉയർത്തിയെങ്കിലും പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആവശ്യമായ മൂന്ന് ഡോക്ടർമാരുടെ തസ്തികകൾ മാത്രമാണ് ഇവിടെയുള്ളത്. ഈമൂന്ന് പേരിൽ ഒരാൾക്ക് വേളം പി.എച്ച്.സി. യുടെ അധിക ചുമതലയുള്ളതിനാൽ ഫലത്തിൽ രണ്ടുപേരുടെ സേവനമേ ഇവിടെ ലഭിക്കുന്നുള്ളൂ. അതിനാൽ ഒ.പി.യും. രണ്ടുമണിവരെമാത്രമേ പ്രവർത്തിക്കാൻ കഴിയുന്നുള്ളൂ.

ഒരു സ്റ്റാഫ് നഴ്സിന്റെ തസ്തിക മാത്രമായതിനാൽ തുടർച്ചയായ ഏഴ് ദിവസം പ്രവർത്തിപ്പിക്കാനും കഴിയുന്നില്ല. അതിനാലാണ് ഞായറാഴ്ച അവധി നൽകേണ്ടി വരുന്നത്.കുന്നുമ്മൽ പഞ്ചായത്തിന് പുറമേ, നരിപ്പറ്റ, കായക്കൊടി, പുറമേരി പഞ്ചായത്തുകളിലെയും ആളുകൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഞായറാഴ്ച ദിവസങ്ങളിൽ ഡോക്ടറുടെ സേവനമില്ലാത്തതിനാൽ കിലോമീറ്ററുകൾ സഞ്ചരിച്ച് കുറ്റ്യാടിയോ, നാദാപുരത്തോ പോകേണ്ട സ്ഥിതിയാണ്. കോവിഡ് കാലത്ത് ഇത് ഏറെ ദുരിതവുമാകുന്നുണ്ട്.