മാങ്കാവ്-കൊമ്മേരി-മേത്തോട്ട്താഴം മിനി ബൈപ്പാസ് റോഡ് പണിക്കുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് മന്ത്രി.

Thursday, 17 Jun, 2021  ANOOB NOCHIMA

കോഴിക്കോട് : മാങ്കാവ്-കൊമ്മേരി-മേത്തോട്ട്താഴം മിനി ബൈപ്പാസ് റോഡ് പണിക്കുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. ഈ മേഖലയിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മാങ്കാവ്, കൊമ്മേരി, മേത്തോട്ട്താഴം പ്രദേശവാസികളുടെ സ്വപ്നമാണ് മിനി ബൈപ്പാസ്. ഒരു മഴപെയ്താൽ വെള്ളംകയറുന്ന താഴ്ന്ന റോഡിൽക്കൂടി ഒട്ടേറേവർഷങ്ങളായി ജനങ്ങൾ ദുരിതയാത്ര നടത്തുകയാണ്. റോഡ് വീതികൂട്ടാൻ ഭൂമിക്ക് വില നിശ്ചയിച്ച് കളക്ടറുടെ ഉത്തരവിറങ്ങിയിട്ടുണ്ട്. മൂന്നു കിലോമീറ്ററിലേറെ നീളത്തിലുള്ളതാണ് റോഡ്. 130-ഓളം കുടുംബങ്ങളിൽനിന്ന് മൊത്തം 8.82 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഒന്നാംഘട്ടമായി 62 പേർക്ക് 7.58 കോടിരൂപ കൈമാറാനാണ് തീരുമാനമായത്.

മാങ്കാവ് ബൈപ്പാസിൽ മേൽപ്പാലം പണിയാനുള്ള കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനവും മാങ്കാവിൽനിന്ന് കല്ലായിപ്പുഴയ്ക്ക്‌ കുറുകെ പാലം നിർമിച്ചു വെസ്റ്റ് മാങ്കാവ് ബൈപ്പാസിൽ കയറുന്നറോഡും യാഥാർഥ്യമാക്കാൻ ശ്രമിക്കും. മഞ്ചക്കൽ തോടിൽനിന്ന് കനോലി കനാൽവഴിയുള്ള ജലപാത, മാങ്കാവ്-പൊക്കുന്ന് റോഡ് വികസനം എന്നിവയും പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൗൺസിലർമാരായ എം.സി. അനിൽകുമാർ, എൻ.സി. മോയിൻകുട്ടി, നേതാക്കളായ ടി.പി. കോയമൊയ്തീൻ, എൽ. രമേശൻ, ഷർമദ്ഖാൻ, എം.കെ.എം. കുട്ടി, മണലൊടി അസീസ്, ആലപ്പുറത്ത് വിജയൻ, അസീസ് ബാബു എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.