ശക്തമായ മഴയിൽ നീലേശ്വരം വില്ലേജ് ഓഫീസിന്റെ ഒരുഭാഗം പൊട്ടിവീണു.

Wednesday, 05 Jul, 2023   HARITHA SONU

നീലേശ്വരം : ശക്തമായ മഴയിൽ നീലേശ്വരം വില്ലേജ് ഓഫീസിന്റെ ഒരുഭാഗം ബുധനാഴ്ച പൊട്ടിവീണു. പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തോട് ചേർന്നുള്ള ഓടിട്ട ഭാഗമാണ് പൊട്ടിയത്. ഇതേ കെട്ടിടത്തിലാണ് ഭക്ഷ്യസുരക്ഷാ കാര്യാലയവും പ്രവർത്തിക്കുന്നത്. ഓടിട്ട കെട്ടിടത്തിന് കാലപ്പഴക്കമുണ്ടായിരുന്നു. തകരുമ്പോൾ കെട്ടിടത്തിൽ വില്ലേജ് ജീവനക്കാരനുണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല. ഫയലുകളെല്ലാം മറ്റൊരു മുറിയിലേക്ക് സുരക്ഷിതമായി മാറ്റിയതായി വില്ലേജ് ഓഫീസർ പറഞ്ഞു. കെട്ടിടം തകർന്നതോടെ ഭക്ഷ്യസുരക്ഷാ കാര്യാലയത്തിന് പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. വൈദ്യുതിവിതരണം വിച്ഛേദിക്കപ്പെട്ടത് ഇരു ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തെ സാരമായി ബാധിക്കും. പൊട്ടിവീണ കെട്ടിടത്തിന്റെ മുകളിലേക്ക് സമീപത്തുണ്ടായിരുന്ന മരത്തിന്റെ ശിഖരങ്ങളും പൊട്ടിവീണിട്ടുണ്ട്.