ഉപ്പളയുടെ തീരദേശങ്ങളിൽ കടലേറ്റം രൂക്ഷം.

Wednesday, 26 Jul, 2023   HARITHA SONU

ഉപ്പള : ഉപ്പളയുടെ തീരദേശങ്ങളിൽ കടലേറ്റം രൂക്ഷം. പെരിങ്കടി, ശാരദ നഗർ, മുട്ടം, ബേരിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് കടലേറ്റം ഭീതിവിതയ്ക്കുന്നത്. ഇവിടെ തീരദേശ റോഡ് ഒരു കിലോമീറ്ററോളം കടലേറ്റത്തിൽ തകർന്നു. നിരവധി തെങ്ങുകളും കാറ്റാടി മരങ്ങളും കടപുഴകി. പ്രദേശത്തെ പ്രധാന തീരദേശ റോഡ് തകർന്നതോടെ നാട്ടുകാർ ദുരിതത്തിലായി. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ആശ്രയിക്കുന്ന റോഡാണിത്. പെരിങ്കടിയിൽ ഒരാഴ്ച മുൻപ് കടലേറ്റത്തിൽ വൈദ്യുതത്തൂണുകളും നിലംപൊത്തിയിരുന്നു. മഴ ശക്തമായതോടെ തീരദേശവാസികൾ ഭീതിയിലാണ്. കടലേറ്റം രൂക്ഷമായ പ്രദേശങ്ങൾ ബുധനാഴ്ച രാവിലെ കളക്ടർ കെ. ഇമ്പശേഖർ സന്ദർശിച്ചു. മഞ്ചേശ്വരം തഹസിൽദാർ ടി. സജി, ഡെപ്യൂട്ടി തഹസിൽദാർ കെ.ടി. ബിജു, വില്ലേജ് ഓഫീസർ ഷീജ രാജ്, ജനപ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.