കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങിയെന്ന് മുനിസിപ്പൽ ജാഗ്രതാസമിതി യോഗം വിലയിരുത്തി.

Saturday, 29 May, 2021   PM JAFFAR

കാസർകോട്‌ : നഗരസഭയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങിയെന്ന് മുനിസിപ്പൽ ജാഗ്രതാസമിതി യോഗം വിലയിരുത്തി. മികച്ച രീതിയിലുള്ള വാർഡ് ജാഗ്രതാസമിതികളുടെ പ്രവർത്തനങ്ങൾ രോഗസ്ഥിരീകരണനിരക്ക് കുറയ്ക്കാൻ സഹായിച്ചു. രോഗികൾക്ക് ആവശ്യമായ ബോധവത്കരണവും സേവനവും ചെയ്യാൻ സാധിച്ചു. കൗൺസിലർമാർ, ആശാവർക്കർമാർ, മാഷ് ടീം അധ്യാപകർ, അങ്കണവാടി അധ്യാപകർ, ജനമൈത്രി പോലീസ്, ക്ലസ്റ്റർ മജിസ്ട്രേറ്റുമാർ, കുടുംബശ്രീ അംഗങ്ങൾ, എസ്.സി. പ്രമോട്ടർമാർ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവർ ഓരോ വാർഡ്‌ കേന്ദ്രീകരിച്ചും മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെയും ബോധവത്കരണം നടത്താൻ ജാഗ്രതാസമിതികൾ മുന്നോട്ട് വന്നിട്ടുണ്ട്. കൂടുതൽ വ്യാപനം നടന്ന വാർഡുകളിൽ മൈക്രോ ക്ലസ്റ്ററുകൾ രൂപവത്കരിച്ചു. രോഗികൾക്കാവശ്യമായ മരുന്ന്, ഭക്ഷണം എന്നിവ കൗൺസിലർമാർ, ആശാവർക്കർമാർ, മാഷ് ടീം അംഗങ്ങൾ എന്നിവർ വിതരണം ചെയ്യുന്നുണ്ട്‌. 38 വാർഡുകൾ വിഭജിച്ച് മൂന്ന്‌ സെക്‌ടറൽ മജിസ്ട്രേറ്റുമാരേയും വാർഡിൽ അഞ്ച്‌ വീതം എന്ന കണക്കിൽ 190 ഓളം അധ്യാപകരെയും പ്രതിരോധപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.

ചെയർമാൻ വി.എം. മുനീർ അധ്യക്ഷനായിരുന്നു. വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി ആർ., മുനിസിപ്പൽ സെക്രട്ടറി കെ. മനോഹർ, ഡോ. രാജാറാം, ഹെൽത്ത് സൂപ്പർവൈസർ വിൻസന്റ്, ഹെൽത്ത് ഇൻസ്പെക്ടർ ജിതേഷ് കുമാർ, സെക്ടറൽ മജിസ്ട്രേറ്റുമാരായ പി.ബി. ബഷീർ, ഹരികൃഷ്ണൻ കെ., മാഷ് കോ-ഓർഡിനേറ്റർ അനിത, വാർ റൂം നോഡൽ ഓഫീസർ ജോൺ പോൾ, എസ്.സി. പ്രമോട്ടർ സുനിൽ കുമാർ, സന്തോഷ് എന്നിവർ സംസാരിച്ചു.