ജില്ലയിലെ ആദ്യ സ്മാർട്ട് അങ്കണവാടി ബാലനടുക്കത്ത് പ്രവർത്തനം തുടങ്ങി.

Thursday, 07 Sep, 2023   HARITHA SONU

ബേഡഡുക്ക : ജില്ലയിലെ ആദ്യ സ്മാർട്ട് അങ്കണവാടി ബാലനടുക്കത്ത് പ്രവർത്തനം തുടങ്ങി. സി. എച്ച് കുഞ്ഞമ്പു എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ അധ്യക്ഷയായി. 42.9 ലക്ഷം രൂപ ചെലവിൽ സംസ്ഥാന വനിതാശിശുവികസനവകുപ്പ്, കാസർകോട് വികസന പാക്കേജ്, ബേഡഡുക്ക പഞ്ചായത്ത് എന്നിവർ സംയുക്തമായാണ് പുതിയ കെട്ടിടം നിർമിച്ചത്. 10 സെന്റ് സ്ഥലത്താണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ കീക്കാനം ജാനകിയുടെ വീട്ടിലായിരുന്നു അഞ്ചുവർഷമായി അങ്കണവാടി പ്രവർത്തിച്ചിരുന്നത്. ചടങ്ങിൽ ജാനകിയമ്മയെയും കെട്ടിടം നിർമിച്ച കരാറുകാരൻ അനന്തൻ മരുതളത്തെയും ആദരിച്ചു. വനിതാശിശുവികസനവകുപ്പ് പ്രോഗ്രാം ഓഫീസർ സി. സുധ, എം. രജനി, ടി. വരദരാജ്, കെ. എ ലിലിൻ, നബീസ, കെ. മുരളീധരൻ, കുഞ്ഞികൃഷ്ണൻ മാടക്കൽ, ജനാർദനൻ നായർ എന്നിവർ സംസാരിച്ചു.