വാവടുക്കം പുഴയ്ക്ക് കുറുകെ ബേഡകം തൂക്കുപാലം അപകടഭീഷണിയിൽ.

Wednesday, 26 Jul, 2023   HARITHA SONU

ബേഡകം : വാവടുക്കം പുഴയ്ക്ക് കുറുകെ ബേഡകം അമ്പിലാടിയിൽ നിന്നും താന്നിയാടിയിലേക്കുള്ള തൂക്കുപാലം അപകടഭീഷണിയിൽ. പാലത്തിൽ നിറയെ തുളകളുണ്ട്. വശങ്ങളിലെ കമ്പികളെല്ലാം ഇളകിത്തുടങ്ങി. ഭയത്തോടെയാണ് നാട്ടുകാർ ഇതുവഴി കടന്നു പോകുന്നത്. പെരിയ, കല്ല്യോട്ട്  ഗവ. സ്കൂളുകളിലേക്ക് പോകുന്ന അമ്പിലാടിയിലെ വിദ്യാർഥികളും പെരിയ, കാഞ്ഞങ്ങാട് പോകുന്ന നാട്ടുകാരും ഈ പാലത്തെ ആശ്രയിക്കുന്നുണ്ട്.

ബേഡഡുക്ക, പുല്ലൂർ പെരിയ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 75 മീറ്റർ നീളമുള്ള പാലം 1999ലാണ് നിർമിച്ചത്. ജില്ലാ പഞ്ചായത്ത്‌, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌, ബേഡഡുക്ക, പുല്ലൂർ–പെരിയ പഞ്ചായത്തുകളുടെയാകെ ഫണ്ട്‌ വിഹിതത്തിൽ ആകെ ഒമ്പതര ലക്ഷം രൂപ പാലം നിർമിക്കാനുപയോഗിച്ചു. അന്നത്തെ എംഎൽഎ കെ വി കുഞ്ഞിരാമൻ പാലം ഉദ്ഘാടനം ചെയ്തു. പിന്നീട് ബേഡഡുക്ക പഞ്ചായത്ത്‌ പാലം അറ്റകുറ്റപ്പണി നടത്തിയെങ്കിലും പാലം വീണ്ടും തകരുകയാണ് ഉണ്ടായത്. തൂക്കുപാലം അടിയന്തിരമായി നന്നാക്കണമെന്ന് കെഎസ്ടിയു ചക്കപ്പീലി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.