യു.ഡി.എഫ്. ഭരണസമിതിയിൽ അഴിമതിയും ജനാധിപത്യവിരുദ്ധ നടപടികളുമാണെന്നാരോപിച്ച് എൽ.ഡി.എഫ്. അംഗങ്ങൾ ധർണ നടത്തി.

Monday, 14 Jun, 2021   PM JAFFAR

നൂൽപ്പുഴ : യു.ഡി.എഫ്. ഭരണസമിതിയിൽ അഴിമതിയും ജനാധിപത്യവിരുദ്ധ നടപടികളുമാണെന്നാരോപിച്ച് നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫ്. അംഗങ്ങൾ ധർണ നടത്തി. 2021-22 പദ്ധതി നടത്തിപ്പിൽ എൽ.ഡി.എഫ്. അംഗങ്ങളോട് ആലോചിക്കാതെ 18 പദ്ധതികൾ വെട്ടിക്കുറച്ചത് പുനഃപരിശോധിക്കുക, പഞ്ചായത്തിൽ യു.ഡി.എഫ്. അംഗങ്ങളുടെ വാർഡുകളിൽ മാത്രം തെരുവുവിളക്കുകൾ സ്ഥാപിച്ച നടപടി തിരുത്തുക, സർക്കാർ ഫണ്ട് നൽകി നടത്തുന്ന സാമൂഹിക അടുക്കളയുടെ പേരിൽ ജനങ്ങളിൽനിന്ന് പണം ശേഖരിക്കുന്നതവസാനിപ്പിക്കുക, കല്ലൂർ ടൗൺ ശുചീകരണത്തിന്റെ പേരിൽ ശേഖരിച്ച പണം തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

പഞ്ചായത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനത്തിൽ കുറഞ്ഞ മാർക്ക് ലഭിച്ച ഭരണകക്ഷി നേതാവിന്റെ ബന്ധുവിനെ അഭിമുഖത്തിലൂടെ നിയമിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്നും എൽ.ഡി.എഫ്. ആവശ്യപ്പെട്ടു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം പി.ആർ. ജയപ്രകാശ് ഉദ്ഘാടനംചെയ്തു. വാർഡംഗം സുമാ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സി.എ. ചന്തു, സി. മോഹനൻ, ടി.കെ. ശ്രീജൻ, കെ.എം. സിന്ധു, അഖിലാ എബി, കെ.എൻ. പുഷ്പ, കെ. ബാലൻ, ഷീനാ കളപ്പുരയ്ക്കൽ എന്നിവർ പങ്കെടുത്തു.