മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ

Monday, 19 Feb, 2024  News Desk

കല്‍പ്പറ്റ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടില്‍. മന്ത്രിമാരായ കെ രാജന്‍, എം.ബി രാജേഷ്, എ.കെ ശശീന്ദ്രന്‍ എന്നിവരാണ് ജില്ലയില്‍ എത്തുന്നത്. രാവിലെ 10 മണിക്ക് സുല്‍ത്താന്‍ബത്തേരി മുനിസിപ്പല്‍ ഹാളില്‍ സര്‍വകക്ഷി യോഗം ചേരും. ഉദ്യോഗസ്ഥരുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും. വന്യജീവി ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ മന്ത്രിതല സംഘം സന്ദര്‍ശിച്ചേക്കും.വന്യജീവി ആക്രമണം തുടര്‍ച്ചയായ പശ്ചാത്തലത്തില്‍ യുഡിഎഫിന്റെ രാപ്പകല്‍ സമരവും ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കളക്ടറേറ്റിന് മുന്നില്‍ കെ മുരളീധരന്‍ എംപി സമരം ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍ക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം, പുല്‍പ്പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ അറസ്റ്റുകള്‍ ഉണ്ടാകും.സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസ് നടപടി. അറസ്റ്റുകള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അക്രമ സംഭവങ്ങളോട് വിട്ടുവീഴ്ച വേണ്ട എന്നാണ് പൊലീസ് നിലപാട്.