ഹരിതകർമസേനയുടെ അജൈവമാലിന്യ ശേഖരണത്തിനായുള്ള യൂസർ ഫീസ് ഇനി മുതൽ ഓൺലൈനായും നൽകാം.

Saturday, 05 Aug, 2023   HARITHA SONU

പത്തനംതിട്ട : നഗരത്തിലെ ഹരിതകർമസേനയുടെ അജൈവമാലിന്യ ശേഖരണത്തിനായുള്ള യൂസർ ഫീസ് ഇനി മുതൽ ഓൺലൈനായും നൽകാം. ഇതിനായുള്ള പി.ഒ.എസ്. മെഷീനുകളുടെ വിതരണം നഗരസഭാധ്യക്ഷൻ ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. നഗരസഭയിലെ എല്ലാ വാർഡുകൾക്കും പി.ഒ.എസ്. മെഷീനുകൾ വിതരണംചെയ്തു. ഇതുവഴി വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഹരിതമിത്രം ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് യൂസർ ഫീസ് ശേഖരിക്കാൻ കഴിയുംവിധമാണ് മെഷീനുകളുടെ പ്രവർത്തനം. ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പണം നല്കാൻ കഴിയും.യൂസർ ഫീസ് ശേഖരണം ഓൺലൈൻ സംവിധാനമാകുന്നതോടെ എല്ലാ മാസവും വീഴ്ചകൂടാതെ തുക അടയ്ക്കുവാനും പിഴ ഉൾപ്പെടെയുള്ള നടപടികളിൽനിന്ന് പൊതുജനങ്ങൾക്ക് ഒഴിവാകുവാനും കഴിയും. ഇതോടെ നഗരത്തിലെ എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവമാലിന്യം ശേഖരിക്കാൻ കഴിയും.