'റബറിന് വര്‍ധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ'; അധിക്ഷേപ പരാമര്‍ശവുമായി പി.സി. ജോര്‍ജ്

Tuesday, 06 Feb, 2024   P M JAFFAR

അടൂർ: ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ അധിക്ഷേപ പരാമർശവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. മന്ത്രി ബാലഗോപാല്‍ നാണംകെട്ടവനെന്നും റബർ താങ്ങുവിലയില്‍ വർധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നും പി.സി.

ജോർജ് ആക്ഷേപിച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രക്ക് അടൂരില്‍ നല്‍കിയ സ്വീകരണത്തിലാണ് പി.സി. ജോർജിന്‍റെ അധിക്ഷേപ പരാമർശം.

'കാശ് തന്നാല്‍ എ ബജറ്റ്. കാശ് തന്നില്ലെങ്കില്‍ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. എന്തൊരു നാണംകെട്ടവനാണ് മന്ത്രി. കെ.എം. മാണിയുടെ കാലത്ത് 170 രൂപ ഒരു കിലോ റബിന് തറവില പ്രഖ്യാപിച്ചു. ഈ ബജറ്റില്‍ ഈ തൊപ്പിയ മന്ത്രി 10 രൂപ കൂട്ടിയെന്ന്. അവന്‍റെ അപ്പന് കൊണ്ട് കൊടുക്കട്ടെ' -പി.സി. ജോർജ് പറഞ്ഞു.

'കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 250 രൂപ വില നല്‍കാമെന്നാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എഴുതിവച്ച്‌ ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തില്‍ വന്ന് രണ്ടര വർഷം കഴിഞ്ഞപ്പോള്‍ 10 ഉലുവ കൊടുക്കാമെന്ന്. അതാണ് അത് വീട്ടില്‍ കൊടുക്കാൻ ഞാൻ പറഞ്ഞത്'. -പി.സി. ജോർജ് ചൂണ്ടിക്കാട്ടി.

ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ നാലാം ബജറ്റിലാണ് റബർ താങ്ങുവില 10 രൂപ കൂട്ടിയതായി പ്രഖ്യാപിച്ചത്. റബറിന്‍റെ താങ്ങുവില 170 നിന്ന് 180 രൂപയായാണ് സർക്കാർ ഉയർത്തിയത്.

കോട്ടയം വെള്ളൂരില്‍ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡില്‍ നിന്ന് ലഭ്യമാക്കിയ സ്ഥലത്ത് 250 കോടി ചെലവിട്ട് റബർ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, കേരള റബർ ലിമിറ്റഡിന് ഒമ്ബത് കോടി അനുവദിക്കുകയും ചെയ്തു.