എറണാകുളം : ആലുവ താലൂക്കിലെ കറുകുറ്റി പഞ്ചായത്തിലെ രക്തദാതാക്കളുടെ വിവരങ്ങൾ അടങ്ങിയ ഓൺലൈൻ ഡിജിറ്റൽ ഡയറക്ടറി ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസോസിയേഷനുമായി സഹകരിച്ച് പുറത്തിറക്കി.
പഞ്ചായത്തിലെ രക്തദാതാക്കളുടെ വിവരങ്ങൾ രക്തം ആവശ്യമായി വരുന്ന ഏതൊരു വ്യക്തിക്കും സ്വന്തം മൊബൈൽ ഫോണിൽ aibda.org.in/karukutty എന്ന വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്ന സംവിധാനം പഞ്ചായത്ത് ഓഫീസിൽ വച്ച് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ ചെയർമാൻ പി എം ജാഫർ ഇങ്ങനെ ഒരു സംവിധാനത്തിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ചു. പണ്ടുകാലങ്ങളിൽ സമൂഹത്തിലെ രാഷ്ട്രീയ, മതസംഘടനകൾ, ക്ലബ്ബുകൾ രക്തഗ്രൂപ് നിർണയ ക്യാമ്പുകൾ നടത്തി രക്തദാതാക്കളുടെ വിവരങ്ങൾ ഒരു രെജിസ്റ്ററിൽ രേഖപ്പെടുത്തി വച്ചിരുന്നു കാലക്രമേണ അത് നഷ്ടപ്പെടുകയും, അതിൽ പ്രവർത്തിച്ചവർ ജോലി സംബന്ധമായി അതിൽ ശ്രദ്ധിക്കാൻ സമയം കിട്ടാതെ വരികയും ചെയ്‌യുമ്പോൾ പ്രദേശത്തെ ഒരു രോഗിക്ക് രക്തത്തിന്റെ ആവശ്യം വരുമ്പോൾ രക്തദാതാവിനെ കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഓൺലൈനിൽ രക്തദാതാക്കളെ കണ്ടെത്തി സൂക്ഷിച്ചാൽ ഇവരുടെ വിവരങ്ങൾ നഷ്ടപ്പെടുകയും ഇല്ല ആർക്കും എവിടെയിരുന്നും രക്തദാതാവുമായി ബന്ധപെടുവാനും സാധിക്കും. ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റിതലത്തിൽ പ്രവർത്തികമാക്കുമെന്ന് ജാഫർ അറിയിച്ചു.
ഈ സംവിധാനം കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും, മറ്റ് ജനപ്രതിനിധികൾ എക്സിക്യൂട്ടീവ് മെമ്പർമാരുമായിട്ടാണ് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ പോൾ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഡേവിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി ആന്റണി മറ്റു ജനപ്രതിനിധികളും, ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ പി ആർ ഒ നിഖിൽ എന്നിവർ പങ്കെടുത്തു.
June 30, 2026
June 8, 2026
March 1, 2026
December 31, 2025
February 28, 2025