പ്രവാസി പെൻഷന് ഉപാധി രഹിതമാക്കണം, മമ്മി സെഞ്ചുറി

Wednesday, 18 Feb, 2026   PM JAFFAR

പെരുമ്പാവൂർ : മനുഷ്യായുസിൻ്റെ ഭൂരിഭാഗം നാടിന് വിദേശ നാണ്യം നേടിതരുവാൻ രാപകലില്ലാതെ കഠിനാധ്വാനം ചെയ്ത് മടങ്ങിവന്ന പ്രവാസികൾക്ക് വിശ്രമ കാലത്ത് ആശ്വാസമാക്കേണ്ട പ്രവാസി പെൻഷന് ഉപാധി രഹിതമാക്കണമെന്നും, പ്രവാസ ലോകത്ത് തൊഴിൽ നഷ്ടമായി മടങ്ങി വന്ന പ്രവാസികളക്ക് വേണ്ടി തൊഴിൽ, പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാർ ബജറ്റുകളിൽ സ്പെഷ്യൽ പാക്കേജുകൾ ഉറപ്പ് വരുത്തണമെന്നും കേരള സ്റ്റേറ്റ് ഫിലിം ചേമ്പർ സെക്രട്ടറി മമ്മി സെഞ്ചുറി ആവശ്യപ്പെട്ടു.

പെരുമ്പാവൂർ നഗരത്തിൽ ദിനം വർദ്ധിച്ചു വരുന്ന ലഹരി മാഫിയകളെ കടിഞ്ഞാണിടാനും ബോംബെ റെഡ് സ്ട്രീറ്റിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ടൗണിൽ അലയുന്ന നിശാ സുന്ദരികളുടെ വിളയാട്ടം അവസാനിപ്പിക്കാൻ പുതിയ ഭരണസമിതി മുന്നിട്ടിറങ്ങണമെന്നും, ഇല്ലെങ്കിൽ മറ്റുള്ള നാട്ടുകാരുടെ മുൻപിൽ പെരുമ്പാവൂരുകാർ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

എറണാകുളം ജില്ല പ്രവാസി & എക്സ് പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച പുതുതായി തെരഞ്ഞെടുക്കപ്പെട്ട പെരുമ്പാവൂർ നഗരസഭ ജനപ്രതിനിധികൾക്കും, വിവിധ മേഖലകളിലെ സർഗ പ്രതിഭകൾക്കും നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂർ ഫ്ലോറ റസിഡൻസിയിൽ നടന്ന സംഗമം അസോസിയേഷൻ പ്രസിഡന്റെ ഷാജഹാൻ കാരിയേലി അധ്യക്ഷത വഹിച്ചു. EDPA രക്ഷാധികാരി നസീർ പെരുമ്പാവൂർ മുഖ്യ പ്രഭാഷണവും നടത്തി.പെരുമ്പാവൂർ നഗരസഭ  ചെയർപേഴ്സൺ സംഗീത കെ.എൻ.,വൈസ് ചെയർമാൻ ബിജു ജോൺ ജേക്കബ്, മൂലൻസ് ഗ്രൂപ് എം.ഡി.യും പ്രമുഖ വ്യവസായിയുമായ വർഗീസ് മൂലൻ, പോൾ കറുകപ്പിള്ളി, റഫീഖ് ചൊക്ലി, മുഹമ്മദ്‌ ബഷീർ ടി.എ, ഡോ.കിഷോരിലാൽ, സുബൈർ അമ്പാടൻ, സലിം പള്ളികവല, ലീന സാബു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി നൗഫൽ പുലവത്ത് സ്വാഗതവും, മുസ്തഫ കമാൽ കോതമംഗലം നന്ദിയും പറഞ്ഞു.