ആഗ്ര: ഫോണ്‍ വഴിയുള്ള തട്ടിപ്പുകളിലൂടെ ആളുകള്‍ക്ക് പണം നഷ്ടമാവുന്ന സംഭവങ്ങള്‍ സർവസാധാരണമാണ്. എന്നാല്‍ ഇത്തരമൊരു തട്ടിപ്പ് ശ്രമം ഒരു സ്ത്രീയുടെ ജീവൻ നഷ്ടപ്പെടുത്തിയ അവസ്ഥയിലെത്തി.
ഉത്തർപ്രദേശിലെ ആഗ്രയിലാണ് 58കാരിക്ക് ജീവൻ നഷ്ടമായത്.
സർക്കാർ സ്കൂള്‍ ടീച്ചറായ 58കാരി മാലതി വർമയാണ് ഫോണ്‍കോളിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തിങ്കളാഴ്ചയാണ്, മാലതിയുടെ കോളജ് വിദ്യാർഥിയായ മകള്‍ സെക്സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് പറഞ്ഞ് വാട്ട്സ്‌ആപ്പില്‍ ഒരു കോള്‍ വരുന്നത്. ഒരു പൊലീസുകാരന്റെ ചിത്രം ഡിസ്പ്ലേ ഫോട്ടോയാക്കിയ അക്കൗണ്ടില്‍നിന്നായിരുന്നു കോള്‍ വന്നത്.
ഉച്ചയോടെയാണ് കോള്‍ വന്നതെന്ന് മാലതിയുടെ മകൻ ദിപാൻഷു പറഞ്ഞു. സംഭവത്തില്‍ കേസെടുക്കാതെ മകളെ രക്ഷിക്കാമെന്നും സുരക്ഷിതയായി വീട്ടില്‍ തിരിച്ചെത്തിക്കാമെന്നും അതിന് ഒരു ലക്ഷം രൂപ അയച്ചുതരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി മകൻ പറഞ്ഞു.
മകള്‍ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ കുടുങ്ങിയതിൻ്റെ പേരില്‍ കുടുംബത്തിന് പ്രശ്നം ഉണ്ടാവാതിരിക്കാനാണ് വിളിക്കുന്നതെന്നും ഇയാള്‍ മാലതിയോട് പറഞ്ഞു.
'എൻ്റെ അമ്മ ആഗ്രയിലെ അച്‌നേരയിലെ ഒരു സർക്കാർ ഗേള്‍സ് ജൂനിയർ ഹൈസ്‌കൂളിലെ ടീച്ചറാണ്. അയാളുടെ കോള്‍ വന്നതിനു ശേഷം അമ്മ പരിഭ്രാന്തരായി എന്നെ വിളിച്ചു. ഞാൻ കോള്‍ വന്ന നമ്ബർ ചോദിച്ചു. നമ്ബർ നോക്കിയപ്പോള്‍, അതിന് +92 എന്ന പ്രിഫിക്‌സ് ഉള്ളതായി കണ്ടെത്തി. ഇതൊരു തട്ടിപ്പാണെന്ന് ഞാൻ അമ്മയോട് പറഞ്ഞു. എന്നാല്‍ അവർ അപ്പോഴും ഏറെ ടെൻഷനിലായിരുന്നു. തുടർന്ന് വലിയ മാനസിക പ്രയാസവും ഉണ്ടായി'- ദിപാൻഷു പറഞ്ഞു.
'ഞാൻ വീണ്ടും ആശ്വസിപ്പിച്ചു. സഹോദരിയോട് സംസാരിച്ചെന്നും അവള്‍ക്കൊരു കുഴപ്പവുമില്ലെന്നും ഞാൻ പറഞ്ഞു. എന്നാല്‍ അമ്മയുടെ മാനസിക പ്രയാസം മാറിയില്ല. വൈകീട്ട് സ്‌കൂളില്‍നിന്ന് വന്നപ്പോള്‍ നെഞ്ചില്‍ വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞു. ഞങ്ങള്‍ കുടിക്കാൻ വെള്ളം കൊടുത്തെങ്കിലും ആരോഗ്യസ്ഥിതി വഷളാവുകയും പിന്നാലെ മരിക്കുകയും ചെയ്തു'- മകൻ കൂട്ടിച്ചേർത്തു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണർ മായങ്ക് തിവാരി പറഞ്ഞു.
'തട്ടിപ്പ് കോളിനെ തുടർന്ന് ഹൃദയാഘാതം മൂലമാണ് മാലതി മരിച്ചതെന്നാണ് കുടുംബത്തിൻ്റെ പരാതി. മകള്‍ സെക്സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ഒരു കോള്‍ വന്നതും വിളിച്ചയാള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതുമാണ് ഇതിന് കാരണമെന്ന് ഭർത്താവ് പറഞ്ഞു. മാലതി ഏറെ വിഷമം അനുഭവിച്ചു. വീട്ടിലെത്തി 15 മിനിറ്റിനു ശേഷം മരിച്ചു. കോള്‍ വന്ന നമ്ബറിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്"- തിവാരി കൂട്ടിച്ചേർത്തു.
February 28, 2025
December 9, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024