ചൊവ്വര റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ വെട്ടിക്കുറച്ചത് ഏറെ ബുദ്ധിമുട്ടിക്കുന്നതായി ട്രെയിൻ പാസഞ്ചേഴ്‌സ് ഫോറം.

Thursday, 28 Sep, 2023   HARITHA SONU

ചൊവ്വര : ചൊവ്വര റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ വെട്ടിക്കുറച്ചത് ഏറെ ബുദ്ധിമുട്ടിക്കുന്നതായി ട്രെയിൻ പാസഞ്ചേഴ്‌സ് ഫോറം. ഇവിടെ നിർത്തുന്ന ട്രെയിനുകൾക്ക് പോലും ഇവിടെ നിന്നും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. ടിക്കറ്റ് വിൽപ്പന ഉൾപ്പെടെ സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടത്തുന്നത്. ഇത് സ്റ്റേഷനെ നാഥനില്ലാക്കളരിയാക്കി മാറ്റിയെന്ന് യാത്രക്കാർ പറയുന്നു. കോട്ടയം - നിലമ്പൂർ ഉൾപ്പെടെ വിവിധ പാസഞ്ചർ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പില്ല. സാധാരണക്കാരായ നൂറുകണക്കിന് ആളുകളുടെ യാത്രാ മാർഗമാണ് ഇല്ലാതായത്.

ദേശീയപാതയിൽ ദേശം കവലയിൽ ചൊവ്വര റെയിൽവേ സ്റ്റേഷന്റെ വലിയ ദിശാ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെയെത്തുമ്പോൾ മാത്രമാണ് സ്റ്റേഷന്റെ ശോച്യാവസ്ഥ അറിയുന്നത്. റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും കോട്ടയം - നിലമ്പൂർ ഉൾപ്പെടെ പാസഞ്ചർ ടെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ട്രെയിൻ പാസഞ്ചേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.