കാൽനടക്കാർക്ക് സൗകര്യമൊരുക്കാതെ പാതയോരത്ത് ക്രാഷ്‌ ബാരിയർ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.

Thursday, 10 Jun, 2021   HARITHA SONU

കുന്നിക്കോട് : പച്ചിലവളവിൽ കാൽനടക്കാർക്ക് സൗകര്യമൊരുക്കാതെ പാതയോരത്ത് ക്രാഷ്‌ ബാരിയർ സ്ഥാപിക്കാനുള്ള നീക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് ഈഭാഗത്ത് ക്രാഷ്‌ ബാരിയർ സ്ഥാപിക്കുന്നത് താത്‌കാലികമായി നിർത്തിവെച്ചു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് പച്ചിലവളവിലാണ് ദേശീയപാതാവിഭാഗം വ്യാഴാഴ്ച ക്രാഷ്‌ ബാരിയർ സ്ഥാപിക്കാനെത്തിയത്. ഒരുവർഷത്തിലേറെയായി തുടരുന്ന പാത നവീകരണത്തിന്റെ ഭാഗമായിരുന്നു നടപടി. വളവിൽ റോഡിന് വീതിക്കുറവും ഒരുഭാഗത്ത് ഗർത്തവുമാണ്. കലുങ്ക് അവസാനിക്കുന്ന ഭാഗമായതിനാൽ അവിടെ കാൽനടക്കാർക്ക് കടന്നുപോകാൻ തീരെ ഇടമില്ല.

അപകടസാധ്യതയുള്ള വളവിൽ കാൽനടസൗകര്യമൊരുക്കാതെ റോഡിനോടുചേർന്ന് ക്രാഷ് ബാരിയർ സ്ഥാപിക്കാനുള്ള നീക്കമാണ് വിളക്കുടി ഗ്രാമപ്പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ഷാഹുൽ കുന്നിക്കോടിന്റെ നേതൃത്വത്തിൽ തടഞ്ഞത്. വിവരമറിഞ്ഞ് ദേശീയപാതാവിഭാഗം അസി. എൻജിനീയറും ഓവർസിയർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരും ജനപ്രതിനിധിയുമായി ചർച്ച നടത്തി. പഴയ കലുങ്ക് അവസാനിക്കുന്ന ഭാഗമായതിനാൽ 15 അടിയിലേറെ താഴ്ചയിൽനിന്ന് കല്ലുകെട്ടി ഉയർത്തിയാലേ അവിടെ കാൽനടസൗകര്യ‌മൊരുക്കാനാകൂ. ഇത് കരാറിൽ ഉൾപ്പെടാത്തതും ചെലവേറിയതുമായതുകാരണം താത്‌കാലിക സൗകര്യമൊരുക്കുക ശ്രമകരമാണെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു.