കശുവണ്ടിത്തൊഴിലാളികളുടെ മിനിമം കൂലി പുതുക്കിനിശ്ചയിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് എൻ. കെ പ്രേമചന്ദ്രൻ എം. പി ആവശ്യപ്പെട്ടു.

Sunday, 17 Sep, 2023   HARITHA SONU

കൊല്ലം : കശുവണ്ടിത്തൊഴിലാളികളുടെ മിനിമം കൂലി പുതുക്കിനിശ്ചയിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് എൻ. കെ പ്രേമചന്ദ്രൻ എം. പി ആവശ്യപ്പെട്ടു. ഓൾ കേരള കാഷ്യൂനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. പി. കൂലി പുതുക്കിനിശ്ചയിക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് സർക്കാർ കാട്ടിയിട്ടുള്ളത്. യു. ഡി. എഫ് സർക്കാരിന്റെ കാലയളവിൽ രണ്ടു പ്രാവശ്യമാണ് മിനിമം കൂലി പുതുക്കിനിശ്ചയിച്ചത്. അടഞ്ഞുകിടക്കുന്ന ഫാക്ടറികളും ഏറ്റെടുത്ത് 200 ദിവസത്തെ തൊഴിൽ നൽകുമെന്ന വാഗ്ദാനംനൽകിയിട്ട് ഒരു ഫാക്ടറി പോലും തുറന്നുപ്രവർത്തിപ്പിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. ഈ നയങ്ങൾക്കെതിരേ യു. ടി. യു. സി ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ഫെഡറേഷൻ വൈസ് പ്രസിഡൻറ് ടി. സി വിജയൻ അധ്യക്ഷനായി. സമ്മേളനത്തിൽ സജി ഡി. ആനന്ദ്, കെ. എസ് വേണുഗോപാൽ, രാജേശേഖരൻ, പ്രകാശ് ബാബു, കെ. സിസിലി, ഇടവനശ്ശേരി സുരേന്ദ്രൻ, സണ്ണിക്കുട്ടി, വെളിയം ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.