മണ്ണൂർക്കാവ് ഭഗവതിക്കു മുന്നിൽ ആസ്വാദകരുടെ മനംനിറച്ച് കർണശപഥം കഥകളി.

Thursday, 14 Sep, 2023   HARITHA SONU

ശാസ്താംകോട്ട : മണ്ണൂർക്കാവ് ഭഗവതിക്കു മുന്നിൽ ആസ്വാദകരുടെ മനംനിറച്ച് കർണശപഥം കഥകളി. പാണ്ഡവപക്ഷത്തേക്ക് ചേരണമെന്ന അപേക്ഷയുമായി സമീപമണഞ്ഞ, കുന്തിയിൽ സൂര്യന് ജനിച്ച പുത്രനാണ് താനെന്നറിഞ്ഞ കർണന്റെ വികാരവിക്ഷോഭം കാണികളിൽ സങ്കടക്കടലായി. മൈനാഗപ്പള്ളി മണ്ണൂർക്കാവ് കഥകളി ഉത്സവത്തിന്റെ നാലാംദിവസം നടന്ന കർണശപഥം കഥകളിയിൽ കുന്തിയുടെ വികാരവിക്ഷുബ്ധമായ ഭാവത്തെ കലാമണ്ഡലം മുൻ പ്രിൻസിപ്പൽകൂടിയായ കലാമണ്ഡലം രാജശേഖരൻ പകർന്നാടി. കർണനായി പീശപ്പള്ളി രാജീവും ദുര്യോധനനായി കലാമണ്ഡലം ശബരിനാഥും ഭാനുമതിയായി കലാമണ്ഡലം ആരോമലും ദുശ്ശാസനനായി കലാമണ്ഡലം ഹരിമോഹനും രംഗത്തെത്തി.

കലാമണ്ഡലം ബാബു നമ്പൂതിരി, സദനം സായികുമാർ എന്നിവർ സംഗീതമൊരുക്കി. കലാമണ്ഡലം ശ്രീവിൻ, കലാമണ്ഡലം അജി കൃഷ്ണൻ എന്നിവർ മേളം കൈകാര്യം ചെയ്തു. ഏവൂർ അജികുമാർ, കലാമണ്ഡലം വൈശാഖൻ എന്നിവർ ചുട്ടിയിലും രാജൻ പിള്ള, വാസുദേവൻ പിള്ള, രൺജിത് എന്നിവർ അണിയറയിലും പ്രവർത്തിച്ചു. നവരംഗം മയ്യനാടാണ് ചമയമൊരുക്കിയത്. കലാമണ്ഡലം രാജശേഖരനെ ക്ഷേത്രം സെക്രട്ടറി മോഹനൻ പിള്ള, കമ്മിറ്റി അംഗം വി. മഹേഷ് എന്നിവർ ചേർന്ന് ആദരിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഉത്തരാസ്വയംവരമാണ് അരങ്ങിലെത്തുക.