വിളന്തറ-കൊച്ചുകൊട്ടറ പാത തകർന്നുകിടക്കുന്നത് യാത്രാദുരിതത്തിന് കാരണമാകുന്നു.

Tuesday, 25 Jul, 2023   HARITHA SONU

ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട നാലാംവാർഡിലെ വിളന്തറ-കൊച്ചുകൊട്ടറ പാത തകർന്നുകിടക്കുന്നത് യാത്രാദുരിതത്തിന് കാരണമാകുന്നു. ഒന്നര കിലോമീറ്റർ ദൂരമുള്ള പാതയിൽ മിക്കഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടു. മഴക്കാലമായതോടെ വെള്ളം കെട്ടിക്കിടന്ന് ഗതാഗതവും കാൽനടയും തടസ്സപ്പെട്ടു. ഓടയില്ലാത്തതിനാൽ വെള്ളം വശങ്ങളിൽ കെട്ടിക്കിടക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. വശങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനും വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗങ്ങളിൽ ഓട നിർമിക്കുന്നതിനും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമയി വലിയപാടം യു.പി.എസിനുസമീപം റേഷൻകടമുക്കിലെ പാതയിൽ വാഴ നട്ടു. സന്തോഷ് ഗംഗാധരൻ, രതീഷ്, ബിനു, ഗോപൻകുമാർ, ഹരീഷ്, സുനി, ശരൻ, ജയശ്രീ, സജിത തുടങ്ങിയവർ നേതൃത്വം നൽകി. പാത ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.