ഓയൂർ-കാറ്റാടി റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടലിന് ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാർ.

Sunday, 31 Jan, 2021   HARITHA SONU


ഓയൂർ : പൂയപ്പള്ളി-വെളിനല്ലൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഓയൂർ-കാറ്റാടി റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടലിന് ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാർ. പൈപ്പ് പൊട്ടലും തുടർന്നുള്ള ഒട്ടിക്കലും മാസത്തിൽ രണ്ടുപ്രാവശ്യംവീതം സംഭവിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇതുമൂലം കുടിവെള്ളപ്രശ്നം രൂക്ഷമാകുകയാണ്. അഞ്ചുവർഷത്തിനുള്ളിൽ ഏകദേശം നാൽപ്പത് പ്രാവശ്യമെങ്കിലും പൈപ്പ് പൊട്ടൽ സംഭവിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. പാറയിൽ ജങ്‌ഷൻ മുതൽ ഓയൂർ ഏലാവരെയുള്ള 150 മീറ്റർ ദൂരംവരുന്ന റോഡിലാണ് പൈപ്പ് പൊട്ടൽ സ്ഥിരമായിരിക്കുന്നത്. അഞ്ചുവർഷംമുമ്പ് ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിൽ ടാർ ചെയ്ത റോഡാണിത്. ടാറിങ്ങിനുമുമ്പായി ക്വാറി വേസ്റ്റ് ഉപയോഗിച്ച് റോഡ് ബലപ്പെടുത്തിയിരുന്നു. ഇതിന്റെ തൊട്ടുപിറകേ ബി.എസ്.എൻ.എൽ. അധികൃതർ കേബിളിടാൻ റോഡിന്റെ വശം കുഴിച്ച് റോഡ് തകരാറിലാക്കി. പിന്നീട് ജപ്പാൻ കുടിവെള്ളപദ്ധതി വരികയും റോഡ് കുഴിച്ച് പൈപ്പിടുകയുമായിരുന്നു. റോഡുവശത്തെ ഉരുളൻ പാറകൾ ജെ.സി.ബി. ഉപയോഗിച്ചു മാറ്റിയാണ് പൈപ്പ് സ്ഥാപിച്ചത്. ജലവിതരണം തുടങ്ങിയതോടെ പൈപ്പ് പൊട്ടൽ തുടർക്കഥയാകുകയായിരുന്നു.

വ്യാസം കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ പൈപ്പുകൾ ഉപയോഗിക്കുന്നതുമൂലം ജലമർദത്തെ ചെറുക്കാനുള്ള പൈപ്പുകളുടെ ശേഷിക്കുറവാണ് ഇതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ പാറ ക്വാറിയിൽനിന്ന്‌ അമിതഭാരവുമായി വരുന്ന ലോറികളുടെ സഞ്ചാരമാണ് പൈപ്പ് പൊട്ടലിന് കാരണമെന്നാണ് ജലവകുപ്പ് അധികൃതരുടെ വിശദീകരണം. പൈപ്പ് മാറ്റിസ്ഥാപിക്കാൻ നടപടിയുണ്ടാകണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടാൽ ഫണ്ടില്ലെന്ന ഉത്തരമാണ് ലഭിക്കുന്നത്. പൈപ്പ് പൊട്ടലിനുള്ള കാരണം കണ്ടെത്തി ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.