പരബ്രഹ്മ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ജൂലായ്‌ 10-ന് .

Thursday, 29 Jun, 2023   HARITHA SONU

ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതി, ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ പരബ്രഹ്മ ആശുപത്രിയിൽ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ജൂലായ്‌ 10-ന് 11-ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. സി.ആർ.മഹേഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ഇതോടൊപ്പം സൗജന്യ ഡയാലിസിസ് പ്രിവന്റീവ് ക്ലിനിക്കും കാൻസർ നിർണയ സെന്ററും ആരംഭിക്കുമെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥനും ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാറും അറിയിച്ചു. ഡയാലിസിസ് യൂണിറ്റിനായി ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് 40 ലക്ഷം രൂപ ചെലവഴിച്ച് നാല് ഡയാലിസിസ് യന്ത്രവും ഒ.ആർ.പ്ലാന്റും സാങ്കേതികവിദഗ്ധന്റെ സേവനവും നൽകിയിട്ടുണ്ട്‌.

മരുന്ന്, ഡോക്ടർ, നഴ്സ്, ആരോഗ്യപ്രവർത്തകർ, മറ്റു സൗകര്യങ്ങൾ, ലഘുഭക്ഷണം തുടങ്ങിയവ ക്ഷേത്രഭരണസമിതി നൽകും. ആദ്യഘട്ടത്തിൽ 48 ലക്ഷം രൂപയും തുടർന്നുള്ള ഓരോ മാസവും അഞ്ചുലക്ഷം രൂപവീതവും ക്ഷേത്രഭരണസമിതി യൂണിറ്റിന്റെ പ്രവർത്തനത്തിനായി ചെലവഴിക്കും. ദിവസം എട്ടു രോഗികൾക്കുവീതം മാസത്തിൽ 20 രോഗികൾക്ക് ആദ്യഘട്ടത്തിൽ ഡയാലിസിസ് നൽകും. തുടർന്ന് കൂടുതൽ രോഗികൾക്ക് സംവിധാനമൊരുക്കും. നിർധനരോഗികൾക്കാണ് സേവനം ലഭിക്കുകയെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥൻ, പ്രസിഡന്റ് ജി.സത്യൻ, ട്രഷറർ പ്രകാശൻ വലിയഴീക്കൽ, രക്ഷാധികാരി എം.സി.അനിൽകുമാർ എന്നിവർ പറഞ്ഞു.