വ്യാപാരികൾ ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ ഓഫീസ് ഉപരോധിച്ചു.

Monday, 07 Aug, 2023   HARITHA SONU

കൊല്ലം : ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽപ്പരിശോധന നടത്തി നിയമാനുസൃതമല്ലാതെ പിഴചുമത്തിയ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ ഓഫീസ് ഉപരോധിച്ചു. 5,000 മുതൽ 10,000 വരെ രൂപ പിഴയടയ്ക്കാനെത്തിയ വ്യാപാരികളാണ് സമരത്തിൽ പങ്കെടുത്തത്. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മഞ്ജു സുനിൽ, പ്രസിഡന്റ്‌ ആർ.രാധാകൃഷ്ണൻ, സന്തോഷ്‌, കെ.കെ.നിസാർ എന്നിവർ നേതൃത്വം നൽകി.

12 ലക്ഷത്തിൽ താഴെ വാർഷിക വിറ്റുവരവുള്ള കച്ചവടക്കാർ 100 രൂപയടച്ച്‌ വാർഷിക രജിസ്ട്രേഷൻ എടുക്കണം. രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ 2,000 മുതൽ 7,500 വരെ അടച്ച്‌ ലൈസൻസാക്കി മാറ്റം ചെയ്യാത്തതിനാണ് പിഴചുമത്തിയത്. ലൈസൻസ് എടുക്കണമെങ്കിൽ 12 ലക്ഷത്തിനുമുകളിൽ വിറ്റുവരവുണ്ടാകണമെന്നാണ് വ്യവസ്ഥ. ഇതു മറികടന്നാണ് ഉദ്യോഗസ്ഥർ പിഴചുമത്തിയതെന്നാണ് വ്യാപാരികളുടെ പക്ഷം. സംസ്ഥാനതലത്തിൽ ഏകീകരിച്ച തീരുമാനമുണ്ടാകുന്നതുവരെ പിഴ അടയ്ക്കേണ്ടതില്ലെന്ന തീരുമാനത്തോടെ സമരം അവസാനിപ്പിച്ചു.