കോർപ്പറേഷൻ നടപ്പാക്കുന്ന ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ പദ്ധതിയുടെ ഭാഗമായി അഷ്ടമുടിക്കായൽ ശുചീകരണത്തിന്റെ രണ്ടാംഘട്ട പ്രവൃത്തികൾ ആരംഭിച്ചു.

Tuesday, 05 Sep, 2023   HARITHA SONU

കൊല്ലം : കോർപ്പറേഷൻ നടപ്പാക്കുന്ന ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ പദ്ധതിയുടെ ഭാഗമായി അഷ്ടമുടിക്കായൽ ശുചീകരണത്തിന്റെ രണ്ടാംഘട്ട പ്രവൃത്തികൾ ആരംഭിച്ചു. തീരദേശവികസന കോർപ്പറേഷനാണ് പദ്ധതികളുടെ നിർവഹണച്ചുമതല. അഷ്ടമുടിക്കായലിന്റെ അടിത്തട്ടിലെ ചെളി നീക്കംചെയ്യാൻ ആലപ്പുഴയിൽനിന്നു സിൽറ്റ് പുഷർ യന്ത്രം തിങ്കളാഴ്ച രാത്രിയോടെ എത്തിച്ചു. ജലാശയങ്ങളിൽ ചെളി ഉൾപ്പെടെയുള്ള മാലിന്യം നീക്കംചെയ്യുന്നതിന് ഫലപ്രദമായി ഉപയോഗിക്കാവുന്ന അത്യാധുനിക യന്ത്രമാണ് സിൽറ്റ് പുഷർ. കൊല്ലം കോർപ്പറേഷൻ ഏഴുകോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. കോർപ്പറേഷന്റെയും 12 പഞ്ചായത്തുകളുടെയും കീഴിലുള്ള 60 കടവുകളും ഇതോടൊപ്പം വൃത്തിയാക്കും. തുടർന്ന്‌ സുരക്ഷാ ബോർഡുകൾ, സൗരോർജ വിളക്കുകൾ, ക്യാമറകൾ, പൂന്തോട്ടങ്ങൾ ഉൾപ്പെടെയുള്ളവ സജ്ജമാക്കും. മാർച്ചിനകം പദ്ധതി പൂർത്തീകരിക്കുകയാണ്‌ ലക്ഷ്യം. അഷ്ടമുടിക്കായലിലെ ലിങ്ക് റോഡ് ഭാഗത്ത് ചൊവ്വാഴ്ച ഉച്ചയോടെ യന്ത്രം ഉപയോഗിച്ചുള്ള ചെളിവാരൽ പ്രവൃത്തി ആരംഭിച്ചു. ഇങ്ങനെ വാരുന്ന ചെളി കായൽതീരത്തേക്കും, തുടർന്ന്‌ ഇവ ഉണങ്ങിയശേഷം കോർപ്പറേഷന്റെ വിവിധ കേന്ദ്രങ്ങളിലേക്കും മാറ്റും.

യന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ മേയർ പ്രസന്നാ ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അധ്യക്ഷരായ ഹണി, ഗീതാകുമാരി, സവിതാദേവി, കൗൺസിലർ അമ്പിളി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചെളിനീക്കാൻ ജലസേചനവകുപ്പിൽനിന്ന് എത്തിച്ച സിൽറ്റ് പുഷർ യന്ത്രത്തിന് പ്രതിദിനം 40,000 രൂപയാണ് വാടക. ജലസേചനവകുപ്പിലെ മെക്കാനിക്കൽ വിഭാഗം 2020 - ൽ മൂന്നരക്കോടി രൂപ വിനിയോഗിച്ചു വാങ്ങിയതാണ് നെതർലൻഡ് നിർമിതമായ സിൽറ്റ് പുഷർ. ഒന്നരമീറ്റർ താഴേക്കുവരെ ഇറങ്ങിച്ചെന്നു ചെളി നീക്കംചെയ്യുന്നതിനൊപ്പം, ഇരുവശങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ഡോസർ ബ്ലേഡ് ആറുമീറ്റർ വീതിയിൽ പായലുകളും കുളവാഴകളും കരയിലേക്ക് കോരിമാറ്റാനും സഹായിക്കും. ഒരുമണിക്കൂറിൽ 100 ക്യുബിക് മീറ്റർ പ്രദേശത്തെ ചെളി നീക്കംചെയ്യാൻ കഴിയും. രണ്ടുമാസംകൊണ്ട് ചെളി പൂർണമായും നീക്കംചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. 200 മീറ്റർ ദൂരത്തുനിന്ന് ജലാശയത്തിലെ ചെളി കരയിലേക്കു തള്ളാൻ കഴിയുന്ന, വാട്ടർ ബുൾഡോസർ ആയി പ്രവർത്തിക്കുന്ന യന്ത്രമാണിത്. ചെളി നീക്കംചെയ്യുന്നതിന് യന്ത്രത്തിലെ 'വിഞ്ചു'കളുടെ സഹായത്താൽ യന്ത്രത്തെ ഒരു സ്ഥലത്തുനിന്ന്‌ നീക്കും. തടസ്സങ്ങളാൽ ലോഡ് 5,000 കെ. ജി എഫിനു മുകളിൽപോയാൽ, ഹൈഡ്രോളിക് സർക്യൂട്ട് റിലീഫ് വാൽവ് വിഞ്ച് പ്രവർത്തനം നിർത്തും. പിൻഭാഗത്തെ വിഞ്ചിനും സുരക്ഷാ വാൽവുണ്ട്.