ശക്തമായ  മഴയിൽ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.

Monday, 03 Jul, 2023   HARITHA SONU

ചവറ : ശക്തമായ  മഴയിൽ ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ശക്തമായ കാറ്റിൽ ശങ്കരമംഗലം കാരാളി തൈക്കാവിനു സമീപം മരുന്നൂർ വില്ലയിൽ ഷിഹാബുദീന്റെ വീടിനോട് ചേർന്നുള്ള വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണു. വിവരമറിഞ്ഞ് ചവറ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തെങ്ങ്‌ മുറിച്ചുനീക്കി. പന്മനയിൽ കോലം വാർഡിൽ 35 കുടുംബങ്ങൾ പൂർണമായും വെള്ളക്കെട്ടിലായി. ഓടകൾ അടഞ്ഞു കിടക്കുന്നതാണ് വെള്ളം കയറാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. വീടുകളിലും കിണറുകളിലും ശുചിമുറികളിലും വെള്ളം കയറിയതോടെ സ്ത്രീകളും കുട്ടികളും പ്രായമേറിയവരും രോഗമുള്ളവരും പ്രയാസം അനുഭവിക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സാംക്രമിക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. രോഗബാധിതരായവർക്ക് ആശുപത്രികളിൽ പോകാനോ, പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനോ കഴിയുന്നില്ല. വെള്ളം ഒഴുകി പോകാനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.