പൊതുശൗചാലയങ്ങൾ നാട്ടുകാർക്ക് പ്രയോജനപ്പെടുന്നില്ല.

Wednesday, 19 Jul, 2023   HARITHA SONU

ഉപ്പുതറ : ബൈപ്പാസിലും മാർക്കറ്റിലും പഞ്ചായത്തിന്റെ രണ്ടു പൊതുശൗചാലയങ്ങളും നാട്ടുകാർക്ക് പ്രയോജനപ്പെടുന്നില്ല. വർഷങ്ങൾക്ക് മുൻപ് മാർക്കറ്റിനുള്ളിൽ നിർമിച്ച ശൗചാലയം ഇപ്പോഴും ഉപയോഗശൂന്യമാണ്. ബൈപ്പാസിൽ ഗവ. ആയുർവേദ ആശുപത്രിക്കുസമീപം അഞ്ചുലക്ഷം രൂപ ചെലവഴിച്ച് 2020-ൽ നിർമിച്ച ശൗചാലയം ഉദ്‌ഘാടനം ചെയ്‌തെങ്കിലും വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനാൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തില്ല. ഇപ്പോൾ കാടുമൂടി എലിയുടേയും ഇഴ ജന്തുക്കളുടേയും താവളമായി മാറിയിരിക്കുകയാണ്. മാർക്കറ്റിലേത് ദുർഗന്ധം വമിച്ച് വ്യാപാരികൾക്ക് പാരയായി മാറിയിരിക്കുകയുമാണ്. 

തുടർന്ന് വെള്ളവും വൈദ്യുതിയും ലഭ്യമാക്കി നവീകരിക്കാൻ 2022-23 വാർഷിക പദ്ധതിയിൽ അഞ്ചുലക്ഷം രൂപ അനുവദിച്ച് കരാർ നൽകി. അതോടൊപ്പം മാർക്കറ്റിലെ ശൗചാലയം നവീകരിക്കാൻ തനതുഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപയും അനുവദിച്ചു. രണ്ടും ഒരാൾക്കാണ് കരാർ നൽകിയത്. എന്നാൽ, പലതവണ അധികൃതർ ആവശ്യപ്പെട്ടിട്ടും ഒരുപണിയും ചെയ്യാൻ കരാറുകാരൻ തയ്യാറായിട്ടില്ല. ഹൈറേഞ്ചിലെ ആദ്യത്തെ കുടിയേറ്റ പ്രദേശമാണ് ഉപ്പുതറ, രണ്ടു ശൗചാലയങ്ങളുള്ള ഉപ്പുതറ ടൗണിൽ എത്തുന്നവരും, വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. നവീകരണം നടത്തി രണ്ടുശൗചാലയങ്ങളും തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.