ഏറ്റവും നല്ല ക്ഷീര സംഘം പഴയരിക്കണ്ടം ക്ഷീരോത്‌പാദക സഹകരണസംഘത്തിന് ലഭിച്ചു.

Friday, 22 Sep, 2023   HARITHA SONU

പഴയരിക്കണ്ടം : ഏറ്റവും നല്ല ക്ഷീരസംഘങ്ങൾക്ക് എറണാകുളം മേഖല യൂണിയൻ നൽകുന്ന മാതൃക അവാർഡ് പഴയരിക്കണ്ടം ക്ഷീരോത്‌പാദക സഹകരണസംഘത്തിന് ലഭിച്ചു. 22 വർഷം മുൻപ് പ്രവർത്തനമാരംഭിച്ച സംഘം ഇപ്പോൾ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ആശ്രയമാണ്. പ്രതിദിനം 2000 ലിറ്റർ പാൽ ഇവിടെ അളക്കുന്നു. ഈ ഓണക്കാലത്ത് രണ്ടുശതമാനം ബോണസിനു പുറമെ ഓണക്കിറ്റും സംഘം ക്ഷീരകർഷകർക്കു നൽകി. എ. ടി. എം കൗണ്ടറില്ലാത്ത ഇവിടെ മൈക്രോ എ. ടി. എം കൗണ്ടർ ക്ഷീര സംഘത്തിന്റെ അഭ്യർഥനയെത്തുടർന്ന് തുടങ്ങിയത് നാട്ടുകാർക്കാശ്വാസമായി.

മൈലപ്പുഴ, താന്നിക്കട, മക്കുവള്ളി, പൊന്നെടുത്താൻ, പിള്ളസിറ്റി, തട്ടേക്കല്ല് എന്നിവിടങ്ങളിലായി ആറു സബ്ബ് സെന്ററുകളും പ്രവർത്തിക്കുന്നു. പഞ്ചായത്തിലുടനീളം കന്നുകാലികൾക്ക് ചർമ്മ മുഴ എന്ന രോഗം പടർന്നുപിടിച്ചപ്പോൾ മുഴുവൻ കന്നുകാലികൾക്കും സൗജന്യ ചികിത്സനൽകി കർഷകർക്ക് തുണയായി. കിടപ്പിലായ കന്നുകാലികളെ എഴുന്നേൽപ്പിച്ചുനടത്താൻ കൗ ലിഫ്റ്റ് വിതരണംചെയ്തു. കഴിഞ്ഞ 22 വർഷമായി സി. പി. എം പ്രതിനിധിയായ കെ. എം മോഹനനാണ് പ്രസിഡന്റ്. സൗമ്യ സുധീഷാണു സെക്രട്ടറി. ഒമ്പതംഗ ഭരണസമിതിയിൽ എല്ലാ സീറ്റും നേടിയാണ് തുടർച്ചയായി ഭരണത്തിലെത്തുന്നത്. പ്രതിവർഷം നാലുകോടി രൂപ വിറ്റുവരവുള്ള സംഘമാണ്.