കല്ലാർവാലി ഭാഗത്ത് നിർമിച്ചിട്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Monday, 18 Sep, 2023   HARITHA SONU

കല്ലാർവാലി : കല്ലാർ - മാങ്കുളം റോഡിൽ കല്ലാർവാലി ഭാഗത്ത് നിർമിച്ചിട്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കി നിർമിക്കണമെന്നാവശ്യം. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കാത്തിരിപ്പ് കേന്ദ്രം ശോചനീയാവസ്ഥയിലാണ്. കേന്ദ്രത്തിന്റെ മേൽക്കൂരയാകെ തകർന്നു. മേൽക്കൂര നിർമിച്ചിരിക്കുന്ന ആസ്ബറ്റോസ് ഷീറ്റ് പൊട്ടിയതിനാൽ മഴവെള്ളം കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉള്ളിൽ വീഴും.

തൂണുകൾ ചെരിഞ്ഞ നിലയിലും തറയാകെ പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലുമാണ്. പ്രദേശത്തെ തൊഴിലാളി കുടുംബങ്ങളും വിദ്യാർഥികളും അയൽ സംസ്ഥാനങ്ങളിലെ തൊഴിലാളികളും ബസ് കാത്ത് നിൽക്കാൻ ഉപയോഗിച്ചിരുന്നത് ഈ കേന്ദ്രമാണ്. കാത്തിരിപ്പുകേന്ദ്രം ശോചനീയാവസ്ഥയിലായതിനാൽ ആളുകൾ കേന്ദ്രത്തിനുള്ളിലേക്ക് കയറാതെ പാതയോരത്തുതന്നെ നിൽക്കുകയാണിപ്പോൾ.

ഏതാനും നാൾ മുമ്പ് വരെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം കാടുമൂടിയ നിലയിലായിരുന്നു. കാട് വെട്ടി തെളിച്ചെങ്കിലും ശോചനീയാവസ്ഥ നിലനിൽക്കുന്നതിനാൽ ആളുകൾക്ക് ഈ കാത്തിരിപ്പുകേന്ദ്രം വേണ്ടവിധം ഉപയോഗിക്കാൻ കഴിയുന്നില്ല. ത്രിതല പഞ്ചായത്തുകളോ, എം. എൽ. എ യോ ഇടപെട്ട് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.