പെരിങ്ങാശ്ശേരി കലുങ്കിന്റെ അടിഭാഗം തകർന്ന് ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ.

Sunday, 20 Jun, 2021   PM JAFFAR


ഉടുമ്പന്നൂർ : പെരിങ്ങാശ്ശേരി കലുങ്കിന്റെ അടിഭാഗം തകർന്ന് ഏതുസമയവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ. ഉടുമ്പന്നൂർ പഞ്ചായത്തിലെ ബൗണ്ടറിയിൽ നിന്ന് പെരിങ്ങാശ്ശേരി വഴിയിൽ പെരുന്തോട്‌ അങ്കണവാടിക്ക് സമീപത്തെ കലുങ്കാണ് ഏതുസമയവും തകർന്ന് വീഴാമെന്ന അവസ്ഥയിൽ നിൽക്കുന്നത്. മഴക്കാലത്ത് അതിശക്തമായ ഒഴുക്കുള്ള തോടാണ് ഇത്. മിക്കപ്പോഴും പെരുന്തോട് കവിഞ്ഞൊഴുകി റോഡിലൂടെ വെള്ളം ഒഴുകുന്നതും പതിവാണ്. ബസുകളും ഭാരവാഹനങ്ങളും ഉൾപ്പടെ ദിവസവും ഒട്ടേറെ വാഹനങ്ങളാണ് ഈ കലുങ്ക് വഴി കടന്നു പോകുന്നത്. മൂന്നുവർഷത്തിലേറെയായി കലുങ്ക് അപകടാവസ്ഥയിലായിട്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കാര്യം പലതവണ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. അടുത്തനാളിൽ കലുങ്കിന്റെ അടിഭാഗത്ത് കെട്ടിടിഞ്ഞതോടെ അപകട സൂചനയറിയിക്കാൻ ടാർ വീപ്പകൾ വഴിയിൽ സ്‌ഥാപിച്ച് റോഡിന്റെ ഒരുഭാഗം വേർതിരിച്ചിട്ടുണ്ട്. എത്രയും വേഗം കലുങ്ക് പുനർനിർമിച്ചില്ലെങ്കിൽ ഇതുവഴിയുള്ള വാഹന ഗതാഗതംതന്നെ നിലയ്ക്കും. കൂടാതെ കനത്ത മഴയിൽ പെരുന്തോട്ടിൽ ശക്തമായ ഒഴുക്കും വെള്ളപ്പൊക്കവും ഉണ്ടായാൽ കലുങ്ക് പൂർണമായും ഒലിച്ചുപോയേക്കാമെന്നും നാട്ടുകാർ പറയുന്നു .