കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കേരള ബാങ്ക് കുമളി ശാഖയ്ക്ക് മുന്നിൽ ധർണ നടത്തി.

Tuesday, 01 Aug, 2023   HARITHA SONU

കുമളി : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഉടുമ്പൻചോല, പീരുമേട് താലൂക്ക് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് കുമളി ശാഖയ്ക്ക് മുന്നിൽ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോബിൻ കാരക്കാട്ട് ധർണ ഉദ്ഘാടനംചെയ്തു. പ്രൈമറി സംഘം ജീവനക്കാർക്ക് ജില്ലാ ബാങ്കുകളിൽ നൽകിയിരുന്ന 50 ശതമാനം തൊഴിൽ സംവരണം പുനഃസ്ഥാപിക്കുക, തൊഴിൽ സംവരണപരിധിയിൽ എല്ലാ പ്രാഥമിക സംഘങ്ങളെയും ഉൾപ്പെടുത്തുക, സംവരണത്തിന് നിശ്ചയിച്ച യോഗ്യത മാനദണ്ഡങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

ഉടുമ്പൻചോല താലൂക്ക് പ്രസിഡന്റ് വൈശാഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എബ്രഹാം കുര്യാക്കോസ്, പീരുമേട് താലൂക്ക് പ്രസിഡന്റ് സാബു ടി.എബ്രഹാം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. റഹീം, സംസ്ഥാന കമ്മിറ്റി അംഗം വിജയകുമാരി ഉദയസൂര്യൻ, വനിത ഫോറം ജില്ലാ കൺവീനർ അന്നമ്മ കുര്യൻ, മാത്യു വർക്കി, സജിമോൻ പി.ജെ, ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.