ചെറുതോണി അണക്കെട്ടിന്റെ ചെറുരൂപം വീട്ടുമുറ്റത്ത്.

Tuesday, 05 Sep, 2023   HARITHA SONU

കട്ടപ്പന : യാത്രക്കിടയിൽ സ്ഥിരമായി കാണുന്ന ചെറുതോണി അണക്കെട്ടിന്റെ ചെറുരൂപം വീട്ടുമുറ്റത്തൊരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ചിയാർ നരിയംപാറയിലെ അരുൺകുമാർ പുരുഷോത്തമൻ. ഇടുക്കി മെഡിക്കൽ കോളേജിലെ നഴ്‌സിങ് ഓഫീസറായ അരുൺ കുമാർ തന്റെ ജോലി സ്ഥലത്തേയ്ക്കും തിരികെയുമുള്ള യാത്രകൾക്കിടയിലാണ് ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ സ്ഥിരമായികണ്ടിരുന്നത്. വെള്ളം തുറന്നുവിടാൻ ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ചെറുരൂപം വീട്ടുമുറ്റത്ത് ഒരുക്കണമെന്ന ആഗ്രഹം ഇതോടെ അരുണിന്റെ മനസ്സിലുദിച്ചു. ചെറുതോണി അണക്കെട്ടിനുള്ള പോലെ അഞ്ചു ഷട്ടറുകളാണ് അരുണിന്റെ ചെറു പതിപ്പിനുമുള്ളത്. അതിൽ മൂന്ന് ഷട്ടറുകൾ ആവശ്യമുള്ള സമയങ്ങളിൽ തുറക്കാം. വൈദ്യുതി ഉപയോഗിച്ചാണ് ഷട്ടറുകളുടെ പ്രവർത്തനം.

സുരക്ഷാ ജീവനക്കാർക്ക് കയറുന്നതിനുള്ള കോണിപ്പടികളും ഇലക്‌ട്രിക്ക് പോസ്റ്റുകളും വൈദുതിവിളക്കുകളും പാലവും റോഡും അതുവഴി സഞ്ചരിക്കുന്ന കാറുമെല്ലാം അണക്കെട്ടിനോട് ചേർന്നുണ്ട്. വെള്ളം കെട്ടിനിർത്തി പെൻസ്റ്റോക്ക് പെപ്പുകൾ വഴി ടർബൈനിൽ എത്തിച്ച് കറക്കി വൈദ്യുതി ഉത്പാദിപ്പിയ്ക്കുന്ന ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ചെറുരൂപവും സമീപത്തായി ഒരു കെട്ടിടത്തിന്റെ മാതൃകയും നിർമിച്ചിട്ടുണ്ട്. കെട്ടിടത്തിൽ അണക്കെട്ടിന്റെ പ്രവർത്തനത്തിന് ആവശ്യമായ ബട്ടണുകളും ക്രമീകരിച്ചിട്ടുണ്ട്. മുൻപ് ഒട്ടേറെ വാഹനങ്ങളുടെ മാതൃകകൾ അരുൺ നിർമിച്ചിട്ടുണ്ട്. എന്നാൽ അണക്കെട്ട് നിർമിച്ചത് പുതിയൊരു അനുഭവമായിരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ അണക്കെട്ടിന്റെ മാതൃക കാണാൻ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അരുൺ പറയുന്നു. ഇടുക്കി മെഡിക്കൽ കോേളജിലെ നഴ്‌സിങ് ഓഫീസറായ ആര്യ കെ. ചന്ദ്രനാണ് അരുണിന്റെ ഭാര്യ. മക്കൾ : മാധവ് കൃഷ്ണ, കേശിനി കൃഷ്ണ, ശ്രേഷ്ഠലക്ഷ്മി.