നീരൊഴുക്ക് തടസ്സപ്പെടുത്തി കട്ടപ്പനയാറിൽ ആഫ്രിക്കൻ പോളകൾ നിറയുന്നു.

Tuesday, 05 Sep, 2023   HARITHA SONU

കട്ടപ്പന : സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി കട്ടപ്പനയാറിൽ ആഫ്രിക്കൻ പോളകൾ നിറയുന്നു. പോളകൾ ഇരുപതേക്കർ പാലത്തിനുസമീപം 100 മീറ്ററോളം ദൂരത്തിൽ വ്യാപിച്ചതോടെ കട്ടപ്പനയാറിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയാണ്. ജലാശയങ്ങളിലെ ധാതുലവണങ്ങളെയും സ്വാഭാവിക നീരൊഴുക്കിനെയും മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കുന്നതാണ് ആഫ്രിക്കൻ പോളകൾ. വെള്ളത്തിന്റെ പ്രതലത്തിൽ വളരെവേഗത്തിൽ വരുന്ന ഇവമൂലം സൂര്യപ്രകാശം കടക്കാതെ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് മത്സ്യങ്ങളും ജലജീവികളും ചത്തൊടുങ്ങും. നീരൊഴുക്ക് കുറയുന്നതോടെ കൊതുകുകൾ മുട്ടയിട്ട് പെരുകാനും ഇടയാക്കും. കൂടാതെ, വെള്ളത്തിന്‌ നിറവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടും. 2019 ജൂലായിൽ സമാനമായ രീതിയിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ ആഫ്രിക്കൻ പോള വളർന്നിരുന്നു. തുടർന്ന്, നഗരസഭാ അധികൃതർ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവ നീക്കംചെയ്യാൻ ആരംഭിച്ചത്. കട്ടപ്പനയാറിൽ വളരുന്ന പോള തുലാവർഷം ശക്തിപ്പെട്ടാൽ ഇടുക്കി ജലാശയത്തിലേക്ക്‌ ഒഴുകിയെത്താൻ സാധ്യത കൂടുതലാണ്. ഇങ്ങിനെ സംഭവിച്ചാൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. നഗരസഭ ഇടപെട്ട് പോള നീക്കംചെയ്യാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം.