ബി.പി.സി.എൽ. ജീവനക്കാർ കരിദിനം ആചരിച്ചു.

Wednesday, 16 Jun, 2021  ANOOB NOCHIMA

അമ്പലമേട് : ബി.പി.സി.എൽ. ജീവനക്കാരുടെ മെഡിക്കൽ റിട്ടയർമെൻറ് ആനുകൂല്യം ഇല്ലാതാക്കുന്ന മാനേജ്മെൻറ് നീക്കത്തിൽ പ്രതിഷേധിച്ച് കരിദിനം ആചരിച്ചു. 15 വർഷത്തിൽ താഴെ സർവീസുള്ള ജീവനക്കാക്കരെ റിട്ടയർമെൻറ് മെഡിക്കൽ സ്കീമിൽ നിന്ന്‌ ഒഴിവാക്കിയും 15 മുതൽ 25 വർഷം വരെ സർവീസുള്ള ജീവനക്കാർ കമ്പനി നിശ്ചയിക്കുന്ന തുക എല്ലാ മാസവും നൽകണമെന്നും വിരമിക്കുന്ന സമയത്ത് 25 വർഷത്തെ വിഹിതമില്ലെങ്കിൽ മെഡിക്കൽ ആനുകൂല്യങ്ങൾക്ക് അർഹരല്ലെന്നും ഉള്ളതാണ് പുതിയ ഭേദഗതി.

റിഫൈനറി പോലുള്ള സ്ഥാപനങ്ങളിൽ വർഷങ്ങളായി ജോലിചെയ്യുന്നവർക്കുണ്ടാകുന്ന ജോലിസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തിയാണ് സമാനസ്വഭാവമുള്ള എല്ലാ കമ്പനികളും ജീവനക്കാർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ നൽകിവരുന്നത്. ഡിപ്പാർട്ട്മെൻറ്് ഓഫ് പബ്ലിക് എൻറർപ്രൈസസിന്റെ മാർഗനിർദേശങ്ങളുടെയും ദീർഘകാല കരാറിലെ വ്യവസ്ഥകളുടേയും അടിസ്ഥാനത്തിൽ നൽകിവരുന്ന മെഡിക്കൽ ആനുകൂല്യങ്ങളാണ് ഇപ്പോൾ പിൻവലിച്ചത്. ജോലിയിൽനിന്ന്‌ വിരമിക്കുമ്പോൾ 15 വർഷം സർവീസ് ഉണ്ടെങ്കിൽ മെഡിക്കൽ ആനുകുല്യങ്ങൾക്ക് അർഹത ഉണ്ടായിരുന്നു. ജീവനക്കാർക്കുള്ള ചികിത്സാ സൗകര്യങ്ങൾവരെ നിഷേധിക്കുന്ന മാനേജ്മെൻറിന്റെ തീരുമാനങ്ങൾ പിൻവലിക്കണമെന്നാവശ്യപെട്ട് റിഫൈനറിയിലെ തൊഴിലാളി യൂണിയനുകൾ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. റിഫൈനറി ഗേറ്റിൽ നടത്തിയ പ്രതിഷേധത്തിൽ നേതാക്കളായ അജി എം.ജി., പ്രവീൺകുമാർ പി., നസീമുദ്ദീൻ എസ്.കെ., കൃഷ്ണകുമാർ ടി.ആർ. എന്നിവർ സംസാരിച്ചു.