പ്രതിസന്ധികൾ വഴി മാറി... കാഴ്ചപരിമിതരായ രമ-രാജൻ ദമ്പതികൾക്ക് "ലൈഫ് " ആയി കുറുമ്പ നിലയം ഒരുങ്ങി..

Saturday, 16 Mar, 2024   P M JAFFAR

അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജോ. ചൊവ്വരാൻ്റെ നിരന്തര ഇടപെടലുകളെ തുടർന്നാണ് ഇവർക്ക് സുരക്ഷിത ഭവനം ഒരുങ്ങിയത്. കാലടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് പിരാരൂരിൽ കുറ്റിയാലുക്കൽ വീട്ടിലെ അന്ധ ദമ്പതികളായ രാജനും രമയും ഇനി കൂവപ്പടി ചെട്ടിനട കോച്ചേരി മാലിൽ പ്രദേശത്തെ "കുറുമ്പനിലയ" ത്തിൽ സുഖമായി താമസിക്കും. 17 -ാം തീയതി ഞായറാഴ്ച രാവിലെ ഇവരുടെ ഗൃഹപ്രവേശമാണ്. അടുക്കളയും 2 മുറികളും, ഹാളും, സിറ്റൗട്ടും , ശുചിമുറിയും ഉൾപ്പെടെ 450 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച വീടിന് ചുറ്റുമതിലും ഗേറ്റുമുണ്ട്. കാലടി പഞ്ചായത്തിലെ  ആശ്രയഗുണഭോക്താക്കളായ ഇവർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരാണ്. ലൈഫ് പദ്ധതിയിൽ ഭൂരഹിത - ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തി  അങ്കമാലി പട്ടികജാതി വികസനവകുപ്പ് മുഖേന 2018-ൽ കൂവപ്പടിയിലാണ് ഇവർക്ക് 5 സെൻ്റ് സ്ഥലം ലഭിച്ചത്. തുടർന്ന് വെള്ളപൊക്കവും, കോവിഡ് മഹാമാരിയും വന്നതോടെ ലൈഫ് പദ്ധതിയും അവതാളത്തിലായി. 2020-ൽ ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതിയും അധികാരത്തിൽ വന്നു.നാളിതുവരെയായിട്ടും വീട് നിർമ്മാണം തുടങ്ങിയിട്ടില്ല എന്ന പരാതിയുമായി ഇവർ 2022-ൽ മുൻ വാർഡുമെംബറായ സിജോ ചൊവ്വരാനെ സമീപിച്ചതാണ് വഴിതിരിവായത്. കാലടി - കൂവപ്പടി ഗ്രാമപഞ്ചായത്ത് ഭരണസമിതികളെയും, സെക്രട്ടറിമാരെയും വീട് നിർമ്മാണ അനുമതിക്കായി ബന്ധപ്പെട്ടെങ്കിലും നിരവധി സാങ്കേതിക കാരണങ്ങളാണ് അവർ പറഞ്ഞത്. റേഷൻ കാർഡും, വീടിന് ലഭ്യമായ സ്ഥലവും വ്യത്യസ്ത ബ്ലോക്ക് പരിധിയിലായതാണ് വീട് നിർമ്മാണം തടയപ്പെടാൻ കാരണമായത്. തുടർന്ന് സിജോ. ചൊവ്വരാൻ തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷിന് ഇതു സംബന്ധിച്ച് പരാതി നൽകുകയും, ഇവരുടെ നിസ്സഹായാവസ്ഥ പത്ര- ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തെത്തിക്കുകയും  ചെയ്തു.അതോടെ ലൈഫ് പദ്ധതി മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി സർക്കാർ പുതിയ ഉത്തരവിറക്കി.  സംസ്ഥാനത്താകമാനം 70,000 പുതിയ വീടുകളുടെ സാങ്കേതിക തടസ്സവും ഈ ഉത്തരവിലൂടെ മാറികിട്ടി. അതനുസരിച്ച് കാലടി ഗ്രാമപഞ്ചായത്ത് വീട് നിർമ്മാണത്തിന് വിവിധ ഘട്ടങ്ങളായി 4 ലക്ഷം രൂപ അനുവദിച്ചു.കൂവപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു അരവിന്ദ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജോ. ചൊവ്വരാൻ, വാർഡ് മെംബർ നവ്യ. എം. , കാലടി ആരോഗ്യ കേന്ദ്രം ആശ വർക്കർ ആനി സ്റ്റാർലി എന്നിവർ ചേർന്ന് നിരവധി സുമനസ്സുകളുടെ സഹായം ലഭ്യമാക്കിയാണ് വീട് നിർമ്മാണം  പൂർത്തീകരിച്ചത്.