പരസ്നേഹത്തിൻ്റെ പുതിയ ലോകം തീർക്കുകയാണ് കാലടിയിലെ ഒരു കൂട്ടം കരിങ്കൽ പണിക്കാർ.

Sunday, 03 Mar, 2024   P M JAFFAR

 

കാലടി തോട്ടേക്കാട് പ്രദേശത്തെ സലിയുടെ നേതൃത്വത്തിലുള്ള 12 പണിക്കാർ ഇക്കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലും പണിയെടുത്തത് അവരുടെ  കുടുംബങ്ങളിലെ വിശപ്പ് മാറ്റുന്നതിനുള്ള കൂലിക്ക് വേണ്ടിയല്ല.. 

അച്ഛനും അമ്മയും മരണപ്പെട്ട്, ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന പിരാരൂരിലെ ചെറിയ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന പട്ടികജാതിക്കാരിയായ ആതിര എന്ന കുട്ടിയുടെ വീടിന് തറകെട്ടുന്നതിനാണ്. 

കാലടി പഞ്ചായത്തിലെ "ആശ്രയ "ഗുണഭോക്താവായ ആതിരയ്ക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടും വീടുപണി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. 

സാമ്പത്തിക ബുദ്ധിമുട്ടായതിനാൽ വീട് പണിയുന്നതിന് സഹായിക്കണം എന്ന ആതിരയുടെ നേരിട്ടുള്ള അപേക്ഷ 15-ാം വാർഡ് മെംബറും ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ ജനപ്രതിനിധി ചെവിക്കൊണ്ടില്ല.       

തുടർന്ന് മറ്റൂർ ബ്ലോക്ക് ഡിവിഷൻ മെംബറും,പിരാരൂർ ഫ്രണ്ട്സ് ക്ലബ്ബ് രക്ഷാധികാരിയുമായ സിജോ ചൊവ്വരാൻ്റെ നേതൃത്വത്തിൽ പദ്ധതി രൂപീകരിച്ച് വീട് നിർമ്മാണത്തിന് ക്ലബ്ബ് പ്രവർത്തകർ മുന്നിട്ടിറങ്ങുയായിരുന്നു. 

സായി ശങ്കരശാന്തികേന്ദ്രം, മറ്റൂർ വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകൾ വീട് നിർമ്മാണത്തിനുള്ള കരിങ്കല്ലുകൾ നൽകി. തുടർന്നാണ് വീടിന്റെ തറ നിർമ്മാണം സൗജന്യമായി ചെയ്ത് തരാവോ എന്ന അഭ്യർത്ഥനയുമായി ബ്ലോക്ക് പഞ്ചായത്തംഗം സിജോ. ചൊവ്വരാൻ തോട്ടേക്കാട്  സലിയെ കാണുന്നത്. 

കാലടി, പെരുമ്പാവൂർ, മലയാറ്റൂർ,ഐമുറി പ്രദേശങ്ങളിലെ തൻ്റെ തൊഴിലാളികളോടൊപ്പം  ചേർന്നാണ് തോട്ടേക്കാട് സലിയുടെ നേതൃത്വത്തിൽ രണ്ടു ഞായറാഴ്ചകളിലായി വീടിൻ്റെ തറനിർമ്മാണം പൂർത്തീകരിച്ചത്. 

 450 സ്ക്വയർഫീറ്റിൽ 2 മുറികളും, ഹാളും അടുക്കളയും, ശുചിമുറിയും അടങ്ങുന്ന വീടിൻ്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് 8 ലക്ഷം രൂപ ചെലവാകും.വിവിധ സംഘടനകളെയും, വ്യക്തികളെയും സമീപിച്ച് മഴക്കാലത്തിന് മുൻപ് വീട് നിർമ്മാണം പൂർത്തീകരിക്കുമെന്ന് സിജോ ചൊവ്വരാൻ പറഞ്ഞു.