ഈ പാൻ കാർഡ് ഉടമകൾക്ക് 10,000 രൂപ പിഴ ചുമത്താൻ ആദായ നികുതി വകുപ്പ്; ഈ തെറ്റുപറ്റിയില്ലെന്ന് ഉറപ്പിക്കാം

Saturday, 17 Feb, 2024  News Desk

ഇന്ത്യയിൽ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക രേഖകളിൽ ഒന്നാണ് പാൻ കാർഡ്. ബാങ്ക് ഇടപാടുകൾ, ലോൺ അപേക്ഷ, ഓൺലൈൻ പേയ്‌മെന്റ്, ആദായനികുതി റിട്ടേൺ ഫയൽ ചെയ്യൽ, നിക്ഷേപം മുതലായവ നടത്തണമെങ്കിൽ പാൻ കാർഡ് കൂടിയേ തീരു. തിരിച്ചറിയൽ രേഖയായും പലപ്പോഴും പാൻ കാർഡ് ഉപയോഗിക്കാറുണ്ട്.  ആദായ നികുതി വകുപ്പ് രജിസ്റ്റർ ചെയ്ത 10 അക്ക തനത് ആൽഫാന്യൂമെറിക് നമ്പറാണ് പാൻ നമ്പർ. പാൻ കാർഡുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങളും പൗരന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പിഴയും ചുമത്താം.

രാജ്യത്ത് ആർക്കും ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കാൻ നിയമം അനുവദിച്ചിട്ടില്ലെന്ന കാര്യം ഓർക്കണം. അത്തരമൊരു സാഹചര്യത്തിൽ, ഒരാൾ ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വച്ചാൽ, അയാൾക്ക് ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അതായത്, വ്യക്തിഗത നമ്പറുകളാണ് പാൻ നമ്പർ. ഓരോ വ്യക്തിക്കും ഒരു പാൻ കാർഡ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഒരു വ്യക്തിക്കോ കമ്പനിക്കോ ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉള്ളത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കുകയോ സാമ്പത്തിക പിഴ ചുമത്തുകയോ ചെയ്യാം

പിഴയെത്ര? 

ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, ആദായനികുതി നിയമം 1961 ലെ സെക്ഷൻ 272 ബി പ്രകാരം നടപടിയെടുക്കും. ഈ വകുപ്പ് പ്രകാരം ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉള്ള വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താം. ഒന്നിൽക്കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, വ്യക്തി രണ്ടാമത്തെ പാൻ കാർഡ് സറണ്ടർ ചെയ്യണം.

ഓൺലൈൻ ആയി എങ്ങനെ പാൻ കാർഡ് സറണ്ടർ ചെയ്യാം? 

ഘട്ടം 1: ഓൺലൈനായി സറണ്ടർ ചെയ്യുന്നതിന്, ആദായ നികുതി വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിക്കുക അല്ലെങ്കിൽ https://www.tin-nsdl.com/faqs/pan/faq-pan-cancellation.html എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന പാൻ ഫോമിന്റെ മുകളിൽ സൂചിപ്പിച്ചുകൊണ്ട് പാൻ മാറ്റ അഭ്യർത്ഥന അപേക്ഷാ ഫോം സമർപ്പിക്കുക.

ഘട്ടം 3: ഫോം 11-ഉം ബന്ധപ്പെട്ട പാൻ കാർഡിന്റെ പകർപ്പും ഫോമിനൊപ്പം ഹാജരാക്കണം.