അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സും ഇനി ഓണ്‍ലൈനില്‍

Monday, 19 Feb, 2024  News Desk

ഇന്ത്യന്‍ പൗരത്വം തെളിക്കുന്ന രേഖയും നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സും പാസ്‌പോര്‍ട്ടും ഓണ്‍ലൈനായി അപ്ലോഡ് ചെയ്താല്‍മതി.

അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ മോട്ടോർവാഹനവകുപ്പ് ലഘൂകരിക്കുന്നു. ഓൺലൈനായി നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്ന രീതിയിലാണ് പരിഷ്കരിക്കുന്നത്. കാലാവധി തീരാത്ത പാസ്പോർട്ടുള്ളവർക്കേ അപേക്ഷിക്കാനാകൂ.

ഇന്ത്യൻ പൗരത്വം തെളിക്കുന്ന രേഖയും നിലവിലുള്ള ഡ്രൈവിങ് ലൈസൻസും പാസ്പോർട്ടും ഓൺലൈനായി അപ്​ലോഡ് ചെയ്താൽമതി. ഫീസും ഓൺലൈനായി അയക്കാം. സാരഥി വെബ്സൈറ്റ് വഴി, ലൈസൻസ് നൽകിയിട്ടുള്ള രജിസ്റ്ററിങ് അതോറിറ്റിയുടെ പരിധിയിലുള്ള ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. പാസ്പോർട്ടിലെയും ഡ്രൈവിങ് ലൈസൻസിലെയും പേര്, അച്ഛന്റെ പേര്, ജനനത്തീയതി എന്നിവ ഒരുപോലെയാണെങ്കിൽ ലൈസൻസ് അനുവദിക്കും. പാസ്പോർട്ടിലും ലൈസൻസിലും മേൽവിലാസം ഒന്നാകണമെന്ന നിർബന്ധമില്ലെന്നതും ഗുണകരമാണ്. ലൈസൻസ് പെർമിറ്റിനായുള്ള അഭിമുഖത്തിന് നേരിട്ട് ആർ.ടി. ഓഫീസിൽ ഹാജരാകാൻ അപേക്ഷകനോട് ആവശ്യപ്പെടരുതെന്ന് ഉദ്യോഗസ്ഥർക്ക് വകുപ്പ് നിർദേശം നൽകിയിട്ടുമുണ്ട്. ഇതോടെ, വിദേശത്തുള്ളവർക്കും ഓഫീസിൽവരാതെ തന്നെ ലൈസൻസിന് അപേക്ഷിക്കാനാകും. ഇത്തരക്കാർ അന്താരാഷ്ട്ര ലൈസൻസിന് അപേക്ഷിക്കുന്നതിനൊപ്പം സംസ്ഥാനത്തുള്ള നോമിനിയുടെ വിവരവും മേൽവിലാസവും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും അപേക്ഷകന്റെ സത്യവാങ്മൂലവും അപ്ലോഡ് ചെയ്യണം. അന്താരാഷ്ട്ര ലൈസൻസ് ഇവർക്ക് അയച്ചുനൽകും. സേവനങ്ങൾ പൂർണമായും ഓൺലൈനിൽ ലഭ്യമാക്കണമെന്ന സർക്കാർനയത്തിന്റെ ഭാഗമായാണ് നടപടികൾ.