കീഴ്‌മാട് സർക്കുലർ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി റോഡ് ഉപരോധിച്ചു.

Monday, 22 Feb, 2021  ANOOB NOCHIMMA

കീഴ്മാട് : നാലര വർഷമായി തകർന്നുകിടക്കുന്ന കീഴ്‌മാട് സർക്കുലർ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡ് ഉപരോധിച്ചു. റോഡിന്റെ ടാറിങ് നടത്തുന്നതിന് കരാർ ഏറ്റെടുത്തായാളുമായി കോടതിയിൽ കേസ് നിലനിൽക്കുന്നതും ജല അതോറിറ്റി പുതിയ കുടിവെള്ള പൈപ്പ് റോഡിൽ സ്ഥാപിക്കാൻ വൈകുന്നതുമാണ് ടാറിങ് നീണ്ടുപോകാൻ കാരണം. സമിതി ചെയർമാൻ ബേബി വർഗീസ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സമരത്തിൽ പങ്കാളിയായി. കീഴ്‌മാട്‌ പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, കെ.എസ്. അനസ്, ഫാ. സെൻ കല്ലുങ്കൽ, സതീശൻ, സനില, ആബിദ, നജീബ്, റസീല, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഷീജ പുളിക്കൽ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച കോടതിവിധി വരാനിരിക്കുന്നതിനാൽ അതിനുശേഷം ടാറിങ് ആരംഭിക്കാമെന്ന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.