കുട്ടികളുടെ ഓൺലൈൻ പഠന സാമഗ്രികൾ വാങ്ങുന്നതിനായിഒരു ലക്ഷം രൂപയുടെ ചെക്ക് ഫാദർ ജോർജ്ജ് കൊച്ചുപറമ്പിൽ അച്ചന്റെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് നൽകി.

Sunday, 13 Jun, 2021  

ആലുവ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനം ഓൺ ലൈനാക്കിയിരിക്കുന്ന സാഹചര്യത്തിൽ, ആലുവ നിയോജക മണ്ഡലത്തിലെ സർക്കാർ എയിഡഡ് സ്കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന, ഓൺ ലൈൻ പഠന സാമഗ്രകൾ സ്വന്തമായിട്ടില്ലാത്ത കുട്ടികളും സ്കൂൾ അധികൃതരും, മാതാപിതാക്കളും അൻവർ സാദത്ത് എം എൽ എ യെ  സഹായമഭ്യർത്ഥിച്ച് സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആർ.ഡി.ഡി, ഡി.ഇ.ഒ, എ.ഇ.ഒ വഴിയായി ഇങ്ങനെയുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ സർക്കാർ തലത്തിൽ ഇങ്ങനെയുള്ള കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിന് സാഹചര്യമൊരുക്കാത്തതുകൊണ്ട് കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും അൻവർ സാദത്ത് എം.എൽ.എ ഫെയ്സ് ബുക്കിലൂടെ സ്പോൺസർഷിപ്പു ലഭിക്കുന്നതിനായി ടിവി, മൊബൈൽ,ടാബ് ചാലഞ്ച് നടത്തിയിരുന്നു. 

ഈ ചാലഞ്ച് ഏറ്റെടുത്ത് സാധുജന സേവനത്തിനായി വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുള്ള അന്തരിച്ച ഫാദർ ജോർജ്ജ് കൊച്ചുപറമ്പിൽ അച്ചന്റെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് വകയായി ഒരു ലക്ഷം രൂപയുടെ ചെക്ക് കാഞ്ഞൂർ വടക്കുംഭാഗത്തുള്ള പ്രേഷിതരാം കോൺഗ്രിഗേഷൻ മഠത്തിന്റെ മദർ ഡോണ ഒരു ലക്ഷം രൂപയുടെ ചെക്ക് കുട്ടികളുടെ ഓൺലൈൻ പഠന സാമഗ്രികൾ വാങ്ങുന്നതിനായി അൻവർ സാദത്ത് എം.എൽ.എക്ക് കൈമാറി. തദവസരത്തിൽ പഞ്ചായത്തുമെമ്പർ കെ. പോളച്ചൻ, കാലടി പള്ളി വികാരി ഫാദർ ജോൺ പുതുവ എന്നിവർ സന്നിഹിതരായിരുന്നു. പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി ഓൺലൈൻ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് കൂടുതൽ പേർ ചാലഞ്ച് ഏറ്റെടുക്കണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു.