ഫണ്ട് കിട്ടിയിട്ടും ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയർന്നില്ല.

Saturday, 09 Sep, 2023   HARITHA SONU

തിരുവല്ല : ഒന്നരക്കോടിയിലധികം രൂപയുടെ ഫണ്ട് കിട്ടിയിട്ടും ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയർന്നില്ല. മൂന്ന് നിലകളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതിയാണ് അഞ്ചുവർഷമായി നടപ്പാകാതിരിക്കുന്നത്. നിലവിൽ 10 കിടക്കകളുള്ള ആശുപത്രി നഗരസഭയുടെ ഉടമസ്ഥതയിലാണുള്ളത്. സ്ഥലപരിമിതിയിലാണ് ഇപ്പോൾ പ്രവർത്തനം. നൂറിലധികം രോഗികൾ ദിവസേന ഒ. പി യിലെത്തുന്നുണ്ട്. ആറ് ഡോക്ടർമാരുടെ സേവനവുമുണ്ട്. നിലവിൽ മൂന്നുനിലക്കെട്ടിടത്തലാണ് പ്രവർത്തനം. 2017 ജനുവരി 17-ന് 50 ലക്ഷം രൂപ കെട്ടിട നിർമാണത്തിനായി പൊതുമരാമാത്തുവകുപ്പിന് കൈമാറി. ഈ തുകയ്ക്ക് കെട്ടിടം പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ 2018 മാർച്ച് 24-ന് 108.15 ലക്ഷംരൂപകൂടി അനുവദിച്ച് പൊതുമരാമത്തിന് കൈമാറി. ആകെ 1.58 കോടി രൂപ. സർക്കാരിൽനിന്നാണ് തുക അനുവദിക്കപ്പെട്ടത്. 2019-ൽ മണ്ണുപരിശോധന നടത്തി. 2021-ൽ രൂപകല്പന വിഭാഗം എൻജിനീയർമാർ സ്ഥലം സന്ദർശിച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് രൂപകല്പന പൂർത്തീകരിച്ചത്. ടെൻഡർ ഘട്ടത്തിലേക്ക് ഇനിയും കടന്നിട്ടില്ല. എപ്പോൾ പണി തുടങ്ങുമെന്ന കാര്യത്തിൽ നിശ്ചയവുമില്ല.

ആശുപത്രി വികസിപ്പിക്കാൻ 14 വർഷം മുമ്പ് നഗരസഭ ലക്ഷങ്ങൾ ചെലവിട്ട് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഫൗണ്ടേഷനായി പില്ലറുകൾ വാർക്കുന്ന ഘട്ടത്തിൽ പണി ഉപേക്ഷിക്കപ്പെട്ടു. പില്ലറിനെടുത്ത കുഴികളും കമ്പികളും ഇവിടെ തെളിഞ്ഞുനിൽപ്പുണ്ട്. ഈ വകയിൽ എത്രരൂപ നഷ്ടമായെന്നതിന് കൃത്യമായ ഉത്തരവുമില്ല. മണ്ണുപരിശോധന നടത്താതെ കെട്ടിടം പണിക്കിറങ്ങിയതാണ് ആദ്യഘട്ടത്തിൽ തിരിച്ചടിയായത്. ഇപ്പോഴുള്ള ആശുപത്രിക്കെട്ടിടത്തിന്റെ കിഴക്കുഭാഗത്തായാണ് ഈ സ്ഥലം. ഇവിടെത്തന്നെയാണ് പുതിയ കെട്ടിടം വരേണ്ടതും. ആശുപത്രി മല്ലപ്പളളി റോഡിന് അഭിമുഖമായാണ്. പിന്നിൽ പുതിയ കെട്ടിടം പണിയുന്ന സ്ഥലത്തേക്ക് അണ്ണവട്ടം റോഡിലൂടെയും പ്രവേശിക്കാം. സ്ഥലപരിമിതിയിൽ നട്ടം തിരിയുകയാണ് ആശുപത്രി. രണ്ട് മുറികളാണ് ഡോക്ടർമാർക്ക് പരിശോധനയ്ക്കുള്ളത്. താഴത്തെ നിലയിൽ സ്ത്രീകളുടെ കിടത്തിച്ചികിത്സാ വിഭാഗമുണ്ട്. അഞ്ച് കിടക്കകളാണുളളത്. ഫാർമസി വരാന്തയിലാണ്. ഒന്നാംനിലയിൽ പുരുഷൻമാരുടെ കിടത്തിച്ചികിത്സ. മുകളിലെ നില ഔഷധസംഭരണ കേന്ദ്രമാണ്.