ആൽമാവ് ജങ്ഷനിൽ കലുങ്ക്പണി പൂർത്തിയായിട്ടും ടാർ ചെയ്യാത്തത് ബുദ്ധിമുട്ടാകുന്നു.

Tuesday, 05 Sep, 2023  haritha

പുല്ലാട് : ആൽമാവ് ജങ്ഷനിൽ കലുങ്ക്പണി പൂർത്തിയായിട്ടും ടാർ ചെയ്യാത്തത് ബുദ്ധിമുട്ടാകുന്നു. ഉന്നതനിലവാരത്തിൽ നിർമിച്ച മുട്ടുമൺ - ചെറുകോൽപ്പുഴ റോഡ് നാലുമാസം മുൻപ് ടാർ ചെയ്തപ്പോൾ ആൽമാവ് ജങ്ഷനിലെ കലുങ്ക് പണി നടക്കുന്നതിനാൽ ആലിന്റെ ഇരുവശവും ടാർ ചെയ്തിരുന്നില്ല. ആൽമാവ് ജങ്ഷൻ - വള്ളിക്കാല റോഡ് രണ്ടാഴ്ച മുൻപ് അറ്റകുറ്റപ്പണി ചെയ്തപ്പോൾ ജങ്ഷൻ ഒഴിച്ച് വള്ളിക്കാല വരെയുള്ള ഭാഗങ്ങളാണ് ടാർ ചെയ്തത്. എട്ടുമാസം മുൻപാണ് ആൽമാവ് ജങ്ഷനിലെ പഴയ കലുങ്ക് പൊളിച്ച് പുതിയത് പണിയാരംഭിച്ചത്. വീതി കുറഞ്ഞ പഴയ കലുങ്കിൽ മഴ വെള്ളപ്പാച്ചിലിൽ ചപ്പ് ചവറുകൾ വന്നടിഞ്ഞ് നിരന്തരം ബ്ളോക്ക് ഉണ്ടാകുന്നത് കൊണ്ടാണ് പുതിയത് നിർമിച്ചത്.

12 ലക്ഷം രൂപ അടങ്കൽ തുക ഉപയോഗിച്ചാണ് വീതി കൂട്ടി കലുങ്ക് പുനർ നിർമിച്ചത്. പൂർണമായും ഗതാഗതം തടസപ്പെടുത്താതാണ് പണികൾ നടത്തിയിരുന്നത്. രണ്ടുമാസം മുൻപാണ് കലുങ്ക് പണി പൂർത്തിയായത്. ടാർ ചെയ്യാത്തതിനാൽ ജങ്ഷനിൽ പൊടിശല്യം രൂക്ഷമാണ്. പുല്ലാട് വടക്കേ കവലയിൽനിന്ന്‌ വരുന്ന വാഹനങ്ങൾ ആല് ചുറ്റിയാണ് വള്ളിക്കാല ഭാഗത്തേക്ക് പോകുന്നത്. വള്ളിക്കാല ഭാഗത്തേക്ക് പോകുന്ന വീതികുറഞ്ഞ റോഡിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗത തടസ്സം പതിവാണ്. ജങ്ഷനിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ടാർ ചെയ്യാത്ത ഭാഗം ഒഴിവാക്കി വാഹനങ്ങൾ പോകുന്നതും ഗതാഗത തടസ്സം ഉണ്ടാക്കുന്നു. തെള്ളിയൂർ കൃഷിവിജ്ഞാന കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണ് ആൽമാവ് ജങ്ഷനിൽനിന്ന്‌ തെള്ളിയൂർക്കുള്ള റോഡ്. തോണിപ്പുഴയിൽനിന്ന്‌ വരുന്ന യാത്രക്കാർക്ക് ആൽമാവ് ജങ്ഷൻ - വള്ളിക്കാല വഴി എളുപ്പത്തിൽ വെണ്ണിക്കുളത്ത് എത്താനാകും. പൊടിശല്യം രൂക്ഷമായതുകൊണ്ട് ജങ്ഷനിലെ വ്യാപാരികളും ബുദ്ധിമുട്ടിലാണ്.