പെരിങ്ങരയിൽ മാലിന്യനീക്കം ഇല്ലാത്തത് തിരിച്ചടിയാകുമെന്ന് ആശങ്ക.

Sunday, 09 May, 2021   HARITHA SONU

പെരിങ്ങര : വെള്ളപ്പൊക്കത്തിൽ ആദ്യം മുങ്ങുന്ന പഞ്ചായത്തുകളിലൊന്നായ പെരിങ്ങരയിൽ മാലിന്യനീക്കം ഇല്ലാത്തത് തിരിച്ചടിയാകുമെന്ന് ആശങ്ക. കോവിഡ് രോഗബാധ പഞ്ചായത്ത് പരിധിയിൽ കൂടിയിരിക്കുകയാണ്. മഴക്കാലം തുടങ്ങാൻ അധികനാളുകളില്ലാത്തിനാൽ പഞ്ചായത്തിൽ പരക്കെ കൂടിക്കിടക്കുന്ന മാലിന്യം സാംക്രമികരോഗബാധയ്ക്കിടയാക്കുമെന്നാണ് നാട്ടുകാരുടെ ഭയം. വഴിയരികുകളിലും ശേഖരണകേന്ദ്രങ്ങളിലും ചാക്കുകണക്കിന് ചവറുകളാണ് കൂടിക്കിടക്കുന്നത്. കുപ്പികളും കവറുകളും തോടുകളിലും ജലാശയങ്ങളിലും നിറഞ്ഞു. 2018-ലെ പ്രളയകാലത്തിനുശേഷം പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും മാലിന്യനീക്കം നടന്നിട്ടില്ല. ചില വാർഡുകളിൽ മാത്രം ഹരിതകർമസേന മാലിന്യം മാറ്റാൻ ശ്രമിച്ചിട്ടുണ്ട്.