മാലിന്യംനിറച്ച കവറുകൾ വലിച്ചെറിയുന്നു.

Sunday, 04 Oct, 2020   HARITHA SONU

പെരിങ്ങര : പഴയ പാലത്തിലും അപ്രോച്ച് റോഡിലുമായി മാലിന്യംനിറച്ച കവറുകൾ വലിച്ചെറിയുന്നു. കാവുംഭാഗം മുട്ടാർ റോഡിൽ പെരിങ്ങര സ്വാമിപാലം തോടിന് കുറുകെ നഗരസഭയുടെയും പെരിങ്ങര പഞ്ചായത്തിന്റെയും അതിർത്തിപങ്കിടുന്ന പാലമാണിത്. തോട്ടിലേക്കും മാലിന്യച്ചാക്കുകൾ എറിയുന്നുണ്ട്. ഇതിന് അവസരം കിട്ടാതെ വരുമ്പോൾ പാലത്തിൽതന്നെ ഉപേക്ഷിക്കും. പലയിടങ്ങളിലായി നിരവിധി ചാക്കുകൾ പാലത്തിലും റോഡിലുമായി കിടപ്പുണ്ട്. വാഹനങ്ങളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുകയാണെന്ന് സമീപവാസികൾ പറയുന്നു. ചാക്കുകളിൽ വാഹനം കയറുമ്പോൾ മാലിന്യം റോഡിൽ പരന്ന് ഒട്ടിയനിലയിലാകും. അപ്രോച്ച് റോഡിൽ കാടുവളർന്നുനിൽക്കുന്നതും മാലിന്യം നിക്ഷേപിക്കാൻ സൗകര്യമാകുന്നു. കോഴി അവശിഷ്ടം ഉൾപ്പെടെയുള്ളവ കവറുകളിൽ ഉണ്ട്. കാടിനകത്ത് ഇടുന്ന കവറുകൾ പുറത്തേക്ക് കാണാനാവില്ല. സദാ ദുർഗന്ധം അനുഭവപ്പെടുകയും ചെയ്യുന്നു. പുളിക്കീഴ് ബ്ലോക്ക് പരിധിയിൽ നിരീക്ഷണ ക്യാമറയില്ലാത്ത പ്രധാന പ്രദേശവുമാണ് ഇവിടം.