തെരുവുനായ്ക്കളെ പേടിച്ച് ജനം.

Sunday, 27 Jun, 2021  PM JAFFAR

പന്തളം : തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനാകാതെ വിഷമിക്കുകയാണ് കുരമ്പാല, പെരുമ്പുളിക്കൽ നിവാസികൾ. ലോക്ഡൗണിൽ ഗതാഗതവും ജനത്തിരക്കും കുറവായ വഴികളിൽ നായ്ക്കൾ കൂട്ടത്തോടെ ആഹാരം തേടി ഇറങ്ങുകയാണ്. ഹോട്ടലുകളും സദ്യാലയങ്ങളും ഇല്ലാത്തതിനാൽ ഭക്ഷണം കിട്ടാതെ അലഞ്ഞുതിരിയുന്ന നായ്ക്കൾ വളർത്തുമൃഗങ്ങൾക്കാണ് കൂടുതൽ ഭീഷണി. രണ്ടുദിവസം മുമ്പ് കുരമ്പാലയിൽ വിദ്യാർഥി അഭിനവ് കൃഷ്ണന്റെ കാലിൽ തെരുവുനായ കടിച്ചു. പൂവണ്ണുവിളയിൽ ബിന്ദു, തുണ്ടത്തിൽ ബിൻസി എന്നിവരുടെ ആടുകളെ കടിച്ച് പരിക്കേൽപ്പിച്ചു. കൈപ്പുഴയിൽ വെളിച്ചപ്പാട്ട് സുജാതയുടെ ഒരു ആടിനെ കൊല്ലുകയും ഒരെണ്ണത്തിനെ പരിക്കേൽപ്പിക്കുകയും ചെയ്തു.

വഴിയരികിൽ മാലിന്യം ഉപേക്ഷിക്കുന്നതാണ് തെരുവുനായ ജനവാസമേഖലകളിലേക്ക് കൂടുതലായി എത്തിപ്പെടാൻ കാരണം. വഴിയരികിൽ ഉപേക്ഷിക്കുന്ന മാംസാവശിഷ്ടവും മാലിന്യവും നായ്ക്കൾ റോഡിലാകെ വലിച്ചിഴച്ച് വൃത്തികേടാക്കുന്നുമുണ്ട്. തെരുവുനായ്ക്കളുടെ വർധന തടയുന്നതിനുള്ള എ.ബി.സി. പദ്ധതിക്കായി നഗരസഭയിൽ എല്ലാ വർഷവും പദ്ധതി തുക മാറ്റിവെക്കുന്നുണ്ടെങ്കിലും ഇത് ഫലപ്രദമായി നടക്കുന്നില്ല. കഴിഞ്ഞവർഷം രണ്ട് ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്.