ഇരവിപേരൂർ പഞ്ചായത്തിലെ പ്രവർത്തനരഹിതമായ അഞ്ച് കുടിവെള്ളപദ്ധതി പുനരുജ്ജീവിപ്പിക്കുന്നു.

Friday, 15 Sep, 2023   HARITHA SONU

ഇരവിപേരൂർ : ഇരവിപേരൂർ പഞ്ചായത്തിലെ പ്രവർത്തനരഹിതമായ അഞ്ച് കുടിവെള്ളപദ്ധതി പുനരുജ്ജീവിപ്പിക്കുന്നു. അഞ്ചാംവാർഡിലെ നെടുമ്പത്തുമല, പതിനേഴിലെ പാറാടുംപൊയ്ക, എട്ടാംവാർഡിലെ പാറക്കുഴി, പതിനേഴിലെ മോടിയിൽ, ഒൻപതാംവാർഡിലെ മൃഗാശുപത്രിപ്പടി എന്നിവിടങ്ങളിലെ പദ്ധതികളുടെ പണികളാണ് നടത്തുക. ഇവയെല്ലാം ഗുണഭോക്താക്കളെ കണ്ടെത്തി പൂർത്തിയായ കുടിവെള്ളപദ്ധതികളാണ്. യഥാസമയം അറ്റകുറ്റപ്പണി നടക്കാഞ്ഞതിനാൽ മിക്കതിന്റെയും മോട്ടോറുകൾക്ക് കേടുസംഭവിച്ചു. പലയിടത്തും പൈപ്പുലൈനുകൾ പൊട്ടിത്തകർന്ന് ജലവിതരണം നിലച്ചിരുന്നു. ഇത്തരത്തിൽ വർഷങ്ങളായി പ്രവർത്തനം നിലച്ചവയാണിവ.

ഗുണഭോക്തൃകമ്മിറ്റിയുടെ ചുമതലയിലുള്ള ഇവയുടെ പണി അവരാണ് നടത്തേണ്ടിയിരുന്നത്. സമയത്ത് പണി നടത്താതെവന്നതാണ് ഇവയൊക്കെ നോക്കുകുത്തിയായിമാറാൻ കാരണം. ഇവയുടെ പണി ഇക്കുറി പഞ്ചായത്ത് നേരിട്ട് നടത്താൻ പോകുകയാണ്. ടെൻഡർനടപടികളിലേക്ക് താമസിയാതെ കടക്കുമെന്ന് പ്രസിഡന്റ് കെ. ബി ശശിധരൻപിള്ള അറിയിച്ചു. വേനലിനുമുൻപ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കും. കഴിഞ്ഞ മൂന്നുകൊല്ലത്തിനിടെ ഓതറയിലും വള്ളംകുളത്തുമായി പഞ്ചായത്ത് മൂന്ന്‌ മിനി കുടിവെള്ളപദ്ധതിയുടെ പണികൾ തീർത്ത് വെള്ളം നൽകി.

10 ലക്ഷം രൂപ മുടക്കി കുരുമലയിലും 35 ലക്ഷം ചെലവാക്കി കുന്നേകാട്ടും മുട്ടിനുപുറത്തും ശുദ്ധജലമെത്തിക്കുന്നു. കാലപ്പഴക്കംചെന്ന തൊട്ടപ്പുഴ ബൂസ്റ്റർ പമ്പ് ഹൗസിന്റെ നവീകരണം, 12-ാംവാർഡിലെ കോഴിമല കോളനിയിൽ കുടിവെള്ളമെത്തിക്കാനുള്ള പൈപ്പുലൈൻ എന്നിവയുടെ പണികളും നേരത്തേ പൂർത്തിയാക്കിയിരുന്നു. 99.69 ലക്ഷം രൂപ ചെലഴിച്ചാണ് പണി നടത്തിയത്. നിലവിൽ പ്രയാറ്റുകടവിലെ ഇൻടേക്ക് പമ്പുഹൗസ് ലൈനുമായി പരസ്പരം ബന്ധിപ്പിച്ച് ഇരവിപേരൂരിൽനിന്ന് നേരിട്ട് നന്നൂർ ടാങ്കിൽ വെള്ളമെത്തിക്കുന്നത്. 10 ദിവസം കൂടുമ്പോൾ ജലവിതരണം നടന്നിരുന്നത് ആഴ്ചയിൽ മൂന്നുദിവസം നൽകുന്നതിലേക്ക് മാറ്റാനും കഴിഞ്ഞു.