സംയോജിത പച്ചക്കറി കൃഷിക്ക്‌ തുടക്കം.

Tuesday, 27 Jun, 2023   HARITHA SONU

വണ്ടൂർ : ജില്ലയിലാകെ ഇനി പച്ചക്കറികൾ കായ്‌ച്ചുനിൽക്കും. ഓണത്തിന്‌ സുരക്ഷിത പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ കർഷക സംഘം  ജില്ലാ കമ്മിറ്റിയുടെ സംയോജിത പച്ചക്കറി കൃഷിക്ക്‌ തുടക്കം.  ജില്ലാ  ഉദ്‌ഘാടനം  കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്  എം സ്വരാജ് നിർവഹിച്ചു. പോരൂർ പഞ്ചായത്തിലെ രവിമംഗലം ചുള്ളിയിൽ രണ്ടര ഏക്കർ സ്ഥലത്താണ്‌ കൃഷി. വരും ദിവസങ്ങളിൽ ഏരിയാ, പഞ്ചായത്ത്, വില്ലേജ്, യൂണിറ്റ് കമ്മിറ്റികളും സംയോജിത കൃഷിയിൽ പങ്കാളികളാകും. ഓണക്കാലത്ത്‌ ജില്ലയിൽ നൂറിലേറെ വിപണന സ്റ്റാളുകൾ ഒരുക്കാനും പദ്ധതിയുണ്ട്‌. ചടങ്ങിൽ ജില്ലാ സെക്രട്ടറി വി എം ഷൗക്കത്ത് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ അബ്ദുള്ള നവാസ്, പി കെ മുബഷീർ, ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ്, ജെ ക്ലീറ്റസ്, അബ്രഹാം വർഗീസ്, അഡ്വ. അനിൽ നിരവിൽ, എം മുരളീധരൻ, കെ പി സത്യനാഥൻ എന്നിവർ സംസാരിച്ചു. എം മുജീബ് റഹ്മാൻ സ്വാഗതവും കെ ഹരിദാസൻ നന്ദിയും പറഞ്ഞു.