ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി ഗ്രാമമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്.

Tuesday, 15 Aug, 2023   HARITHA SONU

വള്ളിക്കുന്ന് : ഓണത്തെ വരവേൽക്കാൻ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് ഹൈബ്രിഡ് 50000 തോളം ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തിരുന്നു. കുടുബശ്രീ ഗ്രൂപ്പുകൾ എല്ലാ വാർഡുകളിലും തരിശു ഭൂമികൾ കൃഷിയോഗ്യമാക്കി പരീക്ഷണാർത്ഥത്തിൽ കൃഷി ഇറക്കിയിരുന്നു ഇതിന്റെ വിളവെടുപ്പാണ് എട്ടാം വാർഡിൽ സംഘടിപ്പിച്ചത്. വിളവെടുപ്പ് ഉദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. തരിശുഭൂമികൾ കൃഷിയോഗ്യമാക്കി കൃഷിയിലേക്ക് ജനങ്ങളെ ആകർഷിക്കുക, നമ്മുക്ക് ആവശ്യമായ ഓണക്കാല പൂക്കൾ നമ്മൾ തന്നെ ഉൽപാദിപ്പിച്ച് അതിന്റെ വിപണന സാധ്യത ഉണ്ടാക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ അറിയിച്ചു. 

വാർഡ് അംഗം വിനീത കാളാടൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ എ കെ രാധ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി എം രാധാകൃഷ്ണൻ, വി ശ്രീനാഥ്, കൃഷി ഓഫീസർ അമൃത, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഉപാദ്യക്ഷൻ പ്രേമൻ പരുത്തിക്കാട് സി.ഡി.എസ് പ്രസിഡന്റ് ബിന്ദു പുഴക്കൽ എന്നിവർ ചടങ്ങിന് ആശംസകൾ ചേർന്നു. വൽസല മേച്ചേരി, മാളുക്കുട്ടി താഴത്തയിൽ, രജനി ടി സി എന്നിവരുടെ നേതൃത്വത്തിലാണ് 50 സെന്റിൽ 3000 ൽ അധികം തൈകൾ വെച്ച് പിടിപ്പിച്ചത്. ഇത്തരത്തിൽ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 10 ഏക്കറിൽ അധികം ചെണ്ടുമല്ലി കൃഷി വിവിധ ഗ്രൂപ്പുകൾ ചെയ്തു വരുന്നു. ഓണക്കാലത്തെ വിപണ സാധ്യത മുന്നിൽ കണ്ട് കർഷകരുടെ പൂക്കൾ വിപണനം നടത്താൻ കുടുംബശ്രീ ചന്തയിൽ പ്രതേകം സ്റ്റാളും ഒരുക്കാൻ ഗ്രാമപഞ്ചായത്ത് മുൻ കൈ എടുത്തിട്ടുണ്ട്.