ആദിവാസി കൂട്ടായ്മ ഭൂസമരം 79 ദിവസം പിന്നിട്ടു.

Thursday, 27 Jul, 2023   HARITHA SONU

നിലമ്പൂർ : ആദിവാസി കൂട്ടായ്മ ഭൂസമരം 79 ദിവസം പിന്നിട്ടു. നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു വ്യാഴാഴ്ച സമരവേദിയിലെത്തി ആദിവാസി ജനകീയ കൂട്ടായ്മ നേതാവ് ബിന്ദു വൈലാശ്ശേരിയുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. സമരവേദി നിലമ്പൂർ താലൂക്ക് ഓഫീസിനു മുന്നിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലെന്ന് ബിന്ദു വൈലാശ്ശേരി തഹസിൽദാരെ അറിയിച്ചു. ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് 40 സെന്റ് സ്ഥലം നൽകാമെന്ന നിർദേശം തഹസിൽദാർ മുന്നോട്ടുവെച്ചെങ്കിലും ഇനി ഒരേക്കറിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് സമരക്കാർ പറഞ്ഞു. മേയ് 10-ന് തുടങ്ങിയ സമരം 79 ദിവസം പിന്നിട്ടത് ഏറെ ത്യാഗം സഹിച്ചാണ്. തങ്ങളുടെ ആവശ്യം അംഗീകരിക്കുംവരെ സമരം തുടരും.

ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾ നടത്തുന്ന സമരത്തോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് മനുഷ്യത്വരഹിതമായ നിലപാടാണെന്നും ബിന്ദു പറഞ്ഞു. കെ-റെയിൽ പാതയ്ക്കും ഹൈവേക്കുമെല്ലാം ഭൂമി കണ്ടെത്തുന്ന സംസ്ഥാന സർക്കാർ ആദിവാസി കുടുംബങ്ങൾക്ക് മാത്രം ഭൂമി കണ്ടെത്താൻ നടപടി സ്വീകരിക്കുന്നില്ല. നിലമ്പൂർ മേഖലയിൽതന്നെ പാട്ട കാലാവധി കഴിഞ്ഞ ഏക്കർകണക്കിന് ഭൂമിയുണ്ട്. ഇത് പിടിച്ചെടുത്ത് ആദിവാസി കുടുംബങ്ങൾക്ക് നൽകണമെന്നും അധികാരികൾ കണ്ണുതുറന്നില്ലെങ്കിൽ ജീവൻ നഷ്ടമായാലും സമരം തുടരുമെന്നും ബിന്ദു വൈലാശ്ശേരി അറിയിച്ചു.